വെള്ളക്കെട്ടിൽ വണ്ടിയിറക്കാൻ ഒരു ഐഡിയ

തമിഴ് നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിലെ റോഡുകളിലെല്ലാം കനത്ത വെള്ളക്കട്ട്. വാഹനം പുറത്തിറക്കാൻ സാധിക്കാത്തത്ര വെള്ളമാണ് റോഡുകളിലെന്നാണ് ചെന്നൈയിൽ നിന്നുള്ള വാർത്തകൾ. വാഹനത്തിന്റെ എക്സോസ്റ്റിലൂടെ എഞ്ചിനിൽ വെള്ളം കയറും എന്ന ഭയത്താലാണ് പലരും വാഹനം പുറത്തിറക്കാത്തത്.

എന്നാൽ കനത്ത മഴയിലും വെള്ളക്കെട്ടിലും വാഹനം പുറത്തിറക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ചെന്നൈയിലെ ആളുകൾ. എക്സോസ്റ്റ് പൈപ്പ് ഉയർത്തി വെച്ച് മോഡിഫിക്കേഷൻ നടത്തുന്ന ഓഫ് റോ‍ഡിംഗ് വാഹനങ്ങളെ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എക്സോസ്റ്റ് ഉയർത്തിയാണ് ചെന്നൈയിലെ ഒരു ടാക്സി പുറത്തിറങ്ങിയത്. പിവിസി പൈപ്പ് എക്സോസ്റ്റിൽ ഘടിപ്പിച്ച് ബൂട്ട് ഡോറിന് മുകളിൽ വരെ ഉയർത്തിയിരിക്കുന്നതു.

കാറിൽ പിവിസി പൈപ്പാണ് ഘടിപ്പിക്കുന്നതെങ്കിൽ കുറച്ചുകൂടി ചിലവ് കുറഞ്ഞ മാർഗ്ഗമാണ് ഇരുചക്രവാഹനങ്ങൾ പരീക്ഷിക്കുന്നത്. പഴയ ടയറിന്റെ ട്യൂബ് എക്സോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച് ഉയർത്തിപ്പെടിച്ച് വെള്ളം കയറാതെയാണ് യാത്ര. പക്ഷെ ബൈക്കിൽ പിന്നില്‍ ഒരാൾ നിർബന്ധമാണെന്ന് മാത്രം. മഴ ഇത്തരത്തില്‍ തുടരുകയാണെങ്കിൽ കൂടുതൽ രസകരമായ പരീക്ഷണങ്ങൾ ചെന്നൈയിൽ നിന്ന് കാണാൻ സാധിച്ചേക്കും