വൈദ്യുത കാർ നിർമിക്കാൻ ചേതൻ ഭഗത്

പ്രശസ്ത നോവലിസ്റ്റും കോളമെഴുത്തുകാരനുമായ ചേതൻ ഭഗത് വൈദ്യുത കാർ നിർമാണ രംഗത്തേക്കു തിരിയുന്നു. ബാറ്ററിയിൽ ഓടുന്ന കാർ നിർമാണ പദ്ധതിയിൽ പങ്കാളിയാവുന്ന കാര്യം ചേതൻ ഭഗത് തന്നെയാണു ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഡൽഹി ഐ ഐ ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും അഹമ്മദാബാദ് ഐ ഐ എമ്മിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാന്തര ബിരുദവും നേടിയ ശേഷം ബാങ്കിങ് മേഖലയിലെ പ്രവൃത്തി പരിചയവുമായാണു ഭഗത് നോവൽ രചനയിലേക്കു തിരിഞ്ഞത്.

2004ൽ ‘ഫൈവ് പോയിന്റ് സംവണി’ലൂടെയായിരുന്നു ഭഗത് എന്ന എഴുത്തുകാരന്റെ അരങ്ങേറ്റം; തുടർന്നു വന്ന ‘വൺ നൈറ്റ് അറ്റ് ദ് കോൾ സെന്റർ’(2005), ‘ദ് ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്’ (2008), ‘ടു സ്റ്റേറ്റ്സ്’ (2009), ‘റവല്യൂഷൻ 2020’ (2011), ‘ഹാഫ് ഗേൾഫ്രണ്ട്’ (2014) എന്നീ രചനകൾ അദ്ദേഹത്തിന്റെ ജനപ്രീതിയും താരമൂല്യവും കുത്തനെ ഉയർത്തി. കോളമെഴുത്തിലേക്കും തിരക്കഥാരചനയിലേക്കും തിയറ്റർ രംഗത്തേക്കും മോട്ടിവേഷനൽ സ്പീക്കറായുമൊക്കെ അദ്ദേഹം വളർന്നു.

‘ഗീയർ മാറ്റുന്നു; എഴുത്തിൽ നിന്നു വൈദ്യുത കാർ നിർമാണ പദ്ധതി സ്ഥാപിക്കുന്നുന്നു. എക്കാലവും മെക്കാനിക്കൽ എൻജിനീയർ’ എന്നായിരുന്നു ‘ടൈം ടു ഗെറ്റ് സ്മാർട്ടർ’ എന്ന ഹാഷ്ടാഗിൽ ഭഗത്തിന്റെ ട്വീറ്റ്. അതേസമയം പദ്ധതിയെക്കുറിച്ചു കൂടുതലൊന്നും വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധനായില്ല. 87 ലക്ഷം പേരാണു ട്വിറ്ററിൽ ചേതൻ ഭഗത്തിനെ പിന്തുടരുന്നത്. നിലവിലുള്ള ഏതെങ്കിലും വൈദ്യുത കാർ നിർമാതാക്കളുമായി സഹകരിക്കാനാണോ അതോ പുതിയ സംരംഭം സ്ഥാപിക്കാനാണോ ഭഗത് തയാറെടുക്കുന്നതെന്നു കാത്തിരുന്നു കാണണം. വ്യവസായ മേഖലയിലേക്കു കടക്കുമ്പോഴും എഴുത്ത് ഉപേക്ഷിക്കില്ലെന്നു ഭഗത് സൂചിപ്പിച്ചിട്ടുണ്ട്.