മഹീന്ദ്രയുടെ ഉപദേഷ്ടാവായി ഇനി ചേതൻ മൈനി

ചേതൻ മൈനി

ഇന്ത്യയിലെ ആദ്യ വൈദ്യുത കാറായ ‘രേവ’ സാക്ഷാത്കരിച്ച ചേതൻ മൈനിയെ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ഉപദേശകനായി നിയമിച്ചു. മാലിന്യ വിമുക്ത സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന സ്റ്റാർട് അപ്പുകൾക്കൊപ്പം പ്രവർത്തിക്കുന്നതിനു പുറമെയാണ് മേയ് ഒന്നു മുതൽ പ്രാബല്യത്തോടെ മൈനി ഉപദേശസ്ഥാനവും ഏറ്റെടുത്തത്.

അമ്മയുടെ ഓർമയിലാണു തന്റെ സ്വപ്ന പദ്ധതിയായ വൈദ്യുത കാറിനും അതു നിർമിക്കുന്ന കമ്പനിക്കും ചേതൻ മൈനി ‘രേവ’ എന്ന പേരു നൽകിയത്. 2010ൽ ‘രേവ’യുടെ നിർമാതാക്കളെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റെടുത്തതോടെ കമ്പനിയുടെ പേര് ‘മഹീന്ദ്ര രേവ’ എന്നായി. ഉടമസ്ഥാവകാശം മഹീന്ദ്രയ്ക്കു കൈമാറിയശേഷവും ചേതൻ മൈനി മഹീന്ദ്ര രേവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനം നിലനിർത്തി. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായിരുന്ന അരവിന്ദ് മാത്യു എത്തിയതോടെ മൈനിക്ക് ഈ സ്ഥാനം നഷ്ടമായി.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ ചേതൻ മൈനി മിച്ചിഗൻ സർവകലാശാലയിൽ നിന്ന് എം ബി എയും നേടിയിട്ടുണ്ട്.