സുരക്ഷയിൽ സംപൂജ്യനായി ഷെവർലെ സെയിൽ

ലാറ്റിൻ അമേരിക്കൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ പരാജയപ്പെട്ട് ഷെവർലെ സെയിൽ. ലാറ്റിന്‍ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സെയിൽ സംപൂജ്യനായത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ട സെയിലിന് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രണ്ടു സ്റ്റാറുണ്ട്. ‌‌

ചൈനയിൽ നിർമിച്ച് കൊളംബിയയില്‍ അസംബിള്‍ ചെയ്യുന്ന സെയിലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന കാറിന്റെ എയർബാഗ് ഇല്ലാത്ത വകഭേദത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ക്രാഷ് ടെസ്റ്റിൽ പൂജ്യം സ്റ്റാർ ലഭിക്കുന്ന ഷെവർ‌ലെയുടെ രണ്ടാമത്തെ കാറാണ് സെയിൽ, നേരത്തെ അവിയോയും സംപൂജ്യനായിരുന്നു. ഫ്രണ്ട് ക്രാഷ് ടെസ്റ്റ് മാത്രമാണ് വാഹനത്തിൽ നടത്തിയത്.

കഴിഞ്ഞ വർഷം നടപ്പാക്കിയ കർശന നിയമങ്ങൾക്ക് വിധേയമായാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ഷെവർലെ അടക്കം നിരവധി നിർമാതാക്കൾ വാഹനങ്ങൾ ആവശ്യമായ സുരക്ഷ നൽകുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. നേരത്തെ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ആൾട്ടോ, സിഫ്റ്റ്, ഐ10, ഡാറ്റ്‌സൺ ഗോ,ഹ്യൂണ്ടായ് ഗ്രാന്റ് ഐ10 തുടങ്ങിയ വാഹനങ്ങൾ സുരക്ഷ പരിശോധനയിൽ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സെയിലിന്റെ ക്രാഷ് ടെസ്റ്റ് എൻസിഎപി ഇതുവരെ നടത്തിയിട്ടില്ല.