മുൻ ഭാര്യക്ക് നഷ്ടപരിഹാരമായി വേണ്ടത് 140 കോടിയുടെ വിന്റേജ് കാറുകൾ

വിവാഹ മോചന കേസുകളിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് പതിവാണ്. ലണ്ടനിലെ ബിസിനസുകാരൻ ക്ലൈവ് ജോയ് മോറാൻകോയുടെ മുൻഭാര്യ നിക്കോള ജോയ് ആവശ്യപ്പെട്ട നഷ്ടപരിഹാരമാണ് ഇപ്പോൾ ലണ്ടനിലെ വലിയ വാർത്ത. 20 ദശലക്ഷം യൂറോയുടെ വിന്റേജ് കാർ കളക്ഷനാണ് നിക്കോള നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെരാരി, ആൽഫ റോമിയോ, മെക്ലാരൻ എഫ്1, മെക്ലാരൻ പി1, ബെന്റ്‌ലി റേസ്‌കാർ എന്നിങ്ങനെ ഏകദേശം 35 അപൂർവ്വമായ വാഹനങ്ങളാണ് വിന്റേജ് കാർ കളക്ഷനിലുള്ളത്. 

2001 ൽ കണ്ടുമുട്ടി 2006 ൽ വിവാഹിതരായ ഇരുവരും പിരിയാനുള്ള പെറ്റീഷൻ നൽകിയത് 2011ലായിരുന്നു. വിന്റേജ് കാറുകൾ വേണമെന്ന ഭാര്യയുടെ വാദം ലണ്ടൻ ഹൈക്കോടതി തള്ളിയിട്ടുണ്ട്. വിന്റേജ് കാർ കളക്ഷൻ കമ്പനിയുമായി തനിക്ക് ബന്ധമുണ്ടെന്നും എന്നാൽ അത് തന്റെ സ്വന്തമല്ലെന്നുമാണ് ക്ലൈവ് കോടതിയിൽ വാദിച്ചത്. ക്ലൈവിന്റെ ഈ വാദം പരിഗണിച്ചാണ് കോടതി നിക്കോളയുടെ ആവശ്യം നിരാകരിച്ചത്.

വിമാനം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസായിരുന്നു ക്ലൈവിന്. 65 ദശലക്ഷം യൂറോ ആസ്തിയുണ്ടായിരുന്ന ബിസിനസ് തകർന്ന് സാമ്പത്തികമായി പ്രതിസന്ധിയിലാണ് അമ്പത്തിയാറുകാരനായ ക്ലൈവിപ്പോൾ. എന്നാൽ 400,000 യൂറോ മുടക്കി 2009 ൽ വാങ്ങിയ ബെന്റ്‌ലിയുടെ വിന്റേജ് റേസ് കാർ തന്റേതാണെന്ന് ക്ലൈവ് കോടതിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഭാര്യയ്ക്ക് നൽകണോ വേണ്ടയോ എന്നതിന്റെ തീരുമാനം ഭർത്താവിന് തന്നെ കോടതി നൽകിയിരിക്കുകയാണ്. ലണ്ടനാണ് സ്വദേശമെങ്കിലും കരിബിയൻ ദ്വീപിലും ഫ്രാൻസിലുമായിട്ടായിരുന്നു ദമ്പതികളുടെ വാസം. ഗാർഹിക പീഡനം ആരോപിച്ചാണ് നിക്കോള വിവാഹമോചനം തേടിയത്. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്.