വിറ്റ വാഹനം അപകടത്തിൽപ്പെട്ടു; മുൻ ഉടമ ആറര ലക്ഷം നൽകാൻ വിധി

ഇരുചക്ര വാഹന എക്സ്ചേഞ്ച് മേളയിൽ വാഹനം വിറ്റയാൾ‌ അപകട നഷ്ടപരിഹാര കേസിൽ ഒന്നാം പ്രതിയായി. മരിച്ചയാളുടെ കുടുംബത്തിനു 6,35,000 രൂപയും പലിശയും നൽകാൻ കോടതി വിധി. കോഴിക്കോട്ട് ഏഷ്യാനെറ്റിൽ ജീവനക്കാരനായ തൃശൂർ കിള്ളിമംഗലം ഇക്കണ്ടത്ത് വാര്യം രാധാകൃഷ്ണനാണ് ആർസി മാറ്റാതെ വാഹനം മറിച്ചു വിറ്റ ഇരുചക്രവാഹന വിൽപ്പനക്കാരുടെ നിരുത്തരവാദ പ്രവൃത്തിക്ക് ഇരയായത്. മഹീന്ദ്ര ഇരുചക്രവാഹനങ്ങളുടെ വിൽപ്പനക്കാരായ വെസ്റ്റ്ഹിൽ പനാമ മോട്ടോഴ്സിൽ 2010ൽ രാധാകൃഷ്ണൻ തന്റെ ബൈക്ക് എക്സ്ചേഞ്ച് മേളയിൽ നൽകി സ്കൂട്ടർ വാങ്ങി. ബൈക്കിന്റെ ആർസി, ഇൻഷുറൻസ് രേഖ, സെയിൽ ലെറ്റർ എന്നിവയും നൽകിയിരുന്നു. ഇതെല്ലാം കൈപ്പറ്റിയതിന്റെ രേഖകളും പനാമ മോട്ടോഴ്സ് രാധാകൃഷ്ണനു നൽകി. പിന്നീട് 2012ൽ കുരുവട്ടൂർ പറമ്പിൽ സ്വദേശി മനോഹരൻ ഈ ബൈക്ക് ഓടിക്കവെ അപകടത്തിൽപ്പെട്ടു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പറമ്പിൽ ബസാർ സ്വദേശി സിദ്ദീഖ് മരിച്ചു.

രാധാകൃഷ്ണൻ ബൈക്ക് പനാമ മോട്ടോഴ്സിനു നൽകിയപ്പോൾ 11 മാസം ബാക്കിയുള്ള ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നു. അതിനു ശേഷം ഇൻഷുറൻസ് പുതുക്കിയില്ല. മാത്രമല്ല പനാമ മോട്ടോഴ്സ് വാഹനം ബൈക്ക് മറ്റൊരാൾക്കു വിൽപ്പന നടത്തിയപ്പോൾ രാധാകൃഷ്ണന്റെ പേരിൽ നിന്നു മാറ്റിയതുമില്ല. മരിച്ച സിദ്ദീഖിന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരത്തിനായി കേസ് കൊടുത്തപ്പോൾ രേഖകൾ പ്രകാരം രാധാകൃഷ്ണനായിരുന്നു വാഹന ഉടമ. അതിനാൽ അദ്ദേഹം ഒന്നാം പ്രതിയാവുകയായിരുന്നു. വാഹനം വിൽപനയ്ക്കു വയ്ക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണു തങ്ങൾ ചെയ്തതെന്നാണു പനാമ മോട്ടോഴ്സ് അധികൃതരുടെ വിശദീകരണം. എന്നാൽ വലിയ ആഘോഷത്തോടെ നടത്തിയ എക്സ്ചേഞ്ച് മേളയിൽ തന്റെ ബൈക്ക് പനാമ മോട്ടോഴ്സ് വാങ്ങുകയും അതിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി രാധാകൃഷ്ണൻ പറഞ്ഞു.

പിന്നീട് അവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്കാണു താൻ പ്രതിയായതെന്നും അദ്ദേഹം വിശദീകരിച്ചു. അപകടം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ബൈക്കിന്റെ ഉടമസ്ഥാവകാശം തന്നിൽ നിന്നു മനോഹരനിലേക്കു മാറ്റിയിട്ടുമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
എക്സ്ചേഞ്ച് മേള എന്ന പേരിൽ പഴയ വാഹനങ്ങൾ വാങ്ങി പുതിയ വാഹനം നൽകുകയും പിന്നീട് ഉത്തരവാദിത്തവമില്ലാതെ പഴയ വാഹനം അധിക വില നൽകുന്നവർക്കു വിട്ടുകൊടുക്കുയുമാണു ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു കാരണം പിന്നീടു വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം ആദ്യ ഉടമ വെട്ടിലാവുകയും ചെയ്യും.