ഡ്രൈവറില്ലാ പരീക്ഷണ വാഹനത്തിൽ കയറി ദുബായ് രാജകുമാരൻ

രണ്ടാമതു മെന ട്രാൻസ്പോർട് കോൺഗ്രസ് ആൻഡ് എക്സിബിഷന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനത്തിൽ സഞ്ചരിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബുൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻ. പത്തുപേർക്കു കയറാവുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടത്തിലാണ് രാജകുമാരൻ ഭാഗമായത്.

ഈസി മൈല്‍, ഓംനിക്സ് കമ്പനികള്‍ സംയുക്തമായാണ് ഡ്രൈവറില്ലാ വാഹനം നിർമിച്ചത്. ഹ്രസ്വദൂരയാത്രയ്‌ക്കാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുക. ദൂരവും റൂട്ടുമെല്ലാം മുൻകൂട്ടി സെറ്റ് ചെയ്‌തുവയ്‌ക്കണം. കൂടാതെ വിവിധ കാലാവസ്ഥകളില്‍ യാത്ര ചെയ്യാന്‍ വാഹനത്തിന് ശേഷിയുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് വാഹനത്തിന്റെ റൂട്ടില്‍ മാറ്റം വരുത്തുകയുമാകാം എന്ന് നിർമാതാക്കൾ പറയുന്നു. സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ വാഹനത്തിൽ ശക്‌തിയേറിയ സെൻസറുകളുണ്ട്. കൂട്ടിയിടിയോ മറ്റു മാർഗതടസ്സങ്ങളോ ഒഴിവാക്കിപ്പോകാനും കഴിയും.

ആർടിഎയുടെ ആഭിമുഖ്യത്തിലുള്ള മേളയിൽ 29 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ 600ലേറെ പ്രതിനിധികൾ പങ്കെടുക്കുന്നു. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള 102ഓളം വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വികസ്വര രാജ്യങ്ങളിലെ പൊതുഗതാഗത പ്രശ്നങ്ങള്‍, പൊതുഗതാഗത മാനേജ്മെന്‍റ്- ഫിനാന്‍സ്, ഊര്‍ജ ഉപയോഗം, സ്കൂള്‍ ഗതാഗതം തുടങ്ങിയ വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ നടക്കും.