ഡയ്ഹാറ്റ്സു കാറുകൾ സ്വന്തം പേരിൽ വിൽക്കാൻ ടൊയോട്ട

Daihatsu Sirion

ഇന്ത്യയിൽ വിൽപ്പന സാധ്യതയേറെയുള്ള കോംപാക്ട് കാർ വിഭാഗത്തിൽ മികച്ച പ്രകടനമെന്നതു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയ്ക്കു കിട്ടാക്കനിയാണ്. ജപ്പാനിൽ നിന്നു തന്നെയുള്ള മാരുതി സുസുക്കിയും കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയും അരങ്ങുവാഴുന്ന ഈ വിപണിയിൽ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ സാന്നിധ്യം നാമമാത്രമാണ്. നിലവിൽ ആഗോള കാർ വിപണികളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ; എന്നാൽ 2020 ആകുമ്പോഴേക്ക് ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു മുന്നേറുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ പ്രകടനം മെച്ചപ്പെടുത്താൻ നിലവിലുള്ള ചെറുകാർ ശ്രേണിയായ ‘എത്തിയോസ്’ പര്യാപ്തമല്ലെന്നും കമ്പനി നേരത്തെ തിരിച്ചറിഞ്ഞതാണ്.

അതുകൊണ്ടുതന്നെ ഈ ദൗർബല്യം മറികടക്കാൻ ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിന്റെ സഹായം തേടാനാണ് ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടൊയോട്ടയുടെ നീക്കം. ഇക്കൊല്ലം പകുതിയോടെ ഡയ്ഹാറ്റ്സുവിനെ പൂർണ ഉടമസ്ഥതയിലാക്കാനുള്ള നടപടികൾ ടൊയോട്ട പൂർത്തിയാക്കും. തുടർന്ന് ചെറുകാർ നിർമാണ രംഗത്തു ഡയ്ഹാറ്റ്സുവിനുള്ള വൈഭവം പ്രയോജനപ്പെടുത്തി ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു അങ്കത്തിനു ശ്രമിക്കാനാണു ടൊയോട്ടയുടെ പദ്ധതി. ഇരുകമ്പനികളുമായി സഹകരിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ തയാറായിട്ടില്ലെങ്കിലും ഇന്ത്യയ്ക്കായി പണത്തിനൊത്ത മൂല്യം ഉറപ്പുനൽകുന്ന, ആധുനിക ചെറുകാറുകൾ വികസിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഡയ്ഹാറ്റ്സുവിനു ചെറുകാർ വിഭാഗത്തിലുള്ള വൈദഗ്ധ്യത്തെ ടി കെ എം മാനേജിങ് ഡയറക്ടർ നവോമി ഇഷിയും പ്രശംസിക്കുന്നു. ഇത്തരം കാറുകളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർമാണത്തിലും ഡയ്ഹാറ്റ്സുവിനുള്ള മികവ് പ്രയോജനപ്പെടുത്തി ഇന്ത്യയ്ക്കായി മത്സരക്ഷമമായ വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് ഇഷിയുടെ വാഗ്ദാനം.

പുതിയ ബ്രാൻഡ് അവതരിപ്പിക്കുക ക്ലേശകരമാവുമെന്നതിനാൽ ഡയ്ഹാറ്റ്സു വികസിപ്പിക്കുന്ന ചെറുകാറുകൾ ടൊയോട്ടയുടെ ബാഡ്ജോടെ തന്നെയാവും ഇന്ത്യയിൽ വിൽക്കുകയെന്നും ഇഷി അറിയിച്ചു. നിലവിൽ ടൊയോട്ട കാറുകൾ വിൽക്കുന്ന ഷോറൂം വഴി തന്നെയാവും പുതിയ മോഡലുകളുടെയും വിപണനമെന്നും ജപ്പാനിൽ ടൊയോട്ട കോർപറേറ്റ് പ്ലാനിങ് വിഭാഗം മേധാവിയായി നിയമനം ലഭിച്ച ഇഷി വെളിപ്പെടുത്തി. ആഗോളതലത്തിൽ ബഹുദൂരം മുന്നിലെങ്കിലും ഇന്ത്യയിൽ ടൊയോട്ട നാട്ടുകാരായെ സുസുക്കിക്കും ഹോണ്ടയ്ക്കുമൊക്കെ പിന്നിലാണ്. കോംപാക്ട് കാർ വിപണി പിടിക്കാൻ അവതരിപ്പിച്ച ‘എത്തിയോസ് ലിവ’ ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും ഇഷി അംഗീകരിച്ചു. വില നിയന്ത്രിക്കാനായി ഗുണനിലവാരത്തിലും ഫിനിഷിലുമൊക്കെ വിട്ടുവീഴ്ച ചെയ്തതും കാറിനു തിരിച്ചടിയായെന്ന് അദ്ദേഹം കരുതുന്നു. ചെറുകാർ വിപണിയിലേക്ക് ഡയ്ഹാറ്റ്സുവിനെ കൂട്ടുപിടിച്ചു ടൊയോട്ട മടങ്ങിവരുന്നത് എതിരാളികളെയും ആശങ്കയിലാക്കുന്നുണ്ട്. ടൊയോട്ട — ഡയ്ഹാറ്റ്സു കൂട്ടുകെട്ട് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നു സുസുക്കി മോട്ടോർ കോർപറേഷൻ പ്രസിഡന്റ് ടി സുസുക്കിയും അംഗീകരിക്കുന്നു.