എമേർജിങ് വിപണിക്കായി ടൊയോട്ടയുടെ പുതിയ കമ്പനി

Daihatsu Sirion

ഇന്ത്യയടക്കമുള്ള എമേർജിങ് വിപണികൾ ലക്ഷ്യമിട്ടുള്ള കോംപാക്ട് വാഹന നിർമാണത്തിനായി ഉപസ്ഥാപനമായ ഡയ്ഹാറ്റ്സു മോട്ടോറിനുള്ളിൽ പുതിയ കമ്പനി രൂപീകരിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ തീരുമാനിച്ചു. പുതുവർഷപ്പിറവിയിൽ നിലവിൽ വരുന്ന പുതിയ ആഭ്യന്തര കമ്പനിക്ക് ‘എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ കമ്പനി എന്നാണു പേരിട്ടിരിക്കുന്നത്. ഡയ്ഹാറ്റ്സു പ്രസിഡന്റ് മസാനൊരി മിറ്റ്സുയിയാണു പുതിയ കമ്പനിയുടെ ചെയർമാൻ; ടൊയോട്ട മാനേജിങ് ഓഫിസർ ഷിന്യ കൊടെരയാവും എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ കമ്പനിയുടെ പ്രസിഡന്റ്.

പരമ്പരാഗത മാർഗങ്ങളിൽ നിന്നു മാറി നടന്ന് ആഗോളതലത്തിൽ മത്സരക്ഷമതയും ഗുണമേന്മയുമുള്ള കാറുകൾ നിർമിക്കാനുള്ള മാർഗങ്ങളും നിയമങ്ങളും തയാറാക്കുകയാണു പുതിയ കമ്പനിയുടെ ദൗത്യം. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ, താങ്ങാവുന്ന വിലയ്ക്കു ലഭിക്കുന്ന കാറുകൾ നിർമിക്കുകയായിരുന്നു ഡയ്ഹാറ്റ്സുവിന്റെ ചുമതല. മൂന്നു വിഭാഗങ്ങളാണു പുതിയ ഇന്റേണൽ കമ്പനിയിലുണ്ടാവുക: എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ പ്രോഡക്ട് ആൻഡ് ബിസിനസ് പ്ലാനിങ്, എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ പ്രോഡക്ട് പ്ലാനിങ്, എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ ക്വാളിറ്റി പ്ലാനിങ് എന്നിവയാണ് ഈ ഡിവിഷനുകൾ. ഇതിനു പുറമെ ടൊയോട്ട മോട്ടോർ ഏഷ്യ പസഫിക് എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിങ്ങിന്റെ പേര് ടൊയോട്ട ഡയ്ഹാറ്റ്സു എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിങ് എന്നു മാറ്റി പുതിയ സംരംഭത്തിനു കീഴിലാക്കിയിട്ടുമുണ്ട്.

പ്രാദേശികതലത്തിൽ ഉൽപ്പാദിപ്പിക്കാവുന്ന മോഡലുകളുടെ വികസനം, ലോജിസ്റ്റിക്സ്, നിർമാണ തയാറെടുപ്പ് എന്നിവയൊക്കെ പുതിയ കമ്പനിയുടെ ഉത്തരവാദിത്തമാവും. ഒപ്പം എമേർജിങ് വിപണി കേന്ദ്രീകരിച്ചു ഡയ്ഹാറ്റ്സു വികസിപ്പിക്കുന്ന കോംപാക്ട വാഹനങ്ങളുടെ ഉൽപ്പാദനത്തിനു പിന്തുണയേകുന്നതും പുതിയ സംരംഭത്തിന്റെ ചുമതലയാണ്. ഏൽപ്പിച്ചിട്ടുണ്ട്. ഡയ്ഹാറ്റ്സുവിനു പുറമെ ടൊയോട്ടയ്ക്കു വേണ്ടി കൂടിയാവും എമേർജിങ് മാർക്കറ്റ് കോംപാക്ട് കാർ പ്രോഡക്ട് ആൻഡ് ബിസിനസ് പ്ലാനിങ് വിഭാഗത്തിന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ, എമേർജിങ് വിപണികൾക്കായി ടൊയോട്ട ശ്രേണിയിലെ വാഹനങ്ങൾക്കുള്ള ആശയം സമർപ്പിക്കാനും ഈ വിഭാഗത്തിന് ഉത്തരവാദിത്തമുണ്ട്.