ആസ്റ്റൻ മാർട്ടിനിൽ കൂടുതൽ ഓഹരി വാങ്ങില്ലെന്നു ഡെയ്മ്‌ലർ

നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനിലെ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം ഉയർത്താൻ പദ്ധതിയില്ലെന്നു ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ എ ജി. ആസ്റ്റൻ മാർട്ടിനിലെ ഓഹരി പങ്കാളിത്തം ഉയർത്താൻ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നെന്നു ഡെയ്മ്‌ലർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡീറ്റർ സെച് വെളിപ്പെടുത്തി. ആ വലിപ്പമുള്ള കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രവർത്തന സ്വാതന്ത്യ്രവും കേന്ദ്രീകൃത മാനേജ്മെന്റുമാണു വിജയത്തിലേക്കുള്ള വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസമാണ് ആസ്റ്റൻ മാർട്ടിൻ തുടർച്ചയായ ആറാം വർഷവും പ്രവർത്തന നഷ്ടം രേഖപ്പെടുത്തിയത്. എന്നാൽ മെഴ്സീഡിസ് ഇലക്ട്രോണിക്സിന്റെ പിൻബലത്തോടെയെത്തിയ ‘ഡി ബി 11’ കാറിന്റെ വരവ് കഴിഞ്ഞ വർഷം അവസാനത്തോടെ വിൽപ്പന മെച്ചപ്പെടുത്തിയെന്നു കമ്പനി വെളിപ്പെടുത്തിയിരുന്നു. ആസ്റ്റൻ മാർട്ടിൻ ശ്രേണിയിലെ സ്പോർട്സ് കാറുകൾ മലിനീകരണ നിയന്ത്രണത്തിലെ പുതിയ നിലവാരം കൈവരിക്കാൻ കനത്ത നിക്ഷേപം വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ഇതോടെ മലിനീകരണവിമുക്തമായ എൻജിനുകളും മറ്റും ലഭിക്കാനായി ഇത്തരം കമ്പനികൾക്കു വൻകിട കോർപറേഷനുകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗമില്ല.

ആഡംബര കാർ ബ്രാൻഡായ മെഴ്സീഡിസ് ബെൻസിന്റെ ഉടമകളായ ഡെയ്മ്ലർ 2013ലാണ് ആസ്റ്റൻ മാർട്ടിനിൽ അഞ്ചു ശതമാനം ഓഹരി പങ്കാളിത്തം നേടിയത്. എൻജിനുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ലഭ്യമാക്കുന്നതിനു പ്രതിഫലമായാണു ഡെയ്മ്ലർ ആസ്റ്റൻ മാർട്ടിന്റെ ഓഹരി സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ വൻകിട നിർമാതാക്കളുമായി ബന്ധമില്ലാത്ത ഏക കമ്പനിയാണ് ആസ്റ്റൻ മാർട്ടിൻ. ഡെയ്മ്‌ലറുമായുള്ള സഹകരണത്തിലൂടെ ഇന്ധനക്ഷമതയേറിയ വാഹന വികസനത്തിനുള്ള ചെലവ് കുറയ്ക്കാൻ കഴിഞ്ഞെന്നതാണു കമ്പനിക്കുള്ള നേട്ടം. അതേസമയം ആസ്റ്റൻ മാർട്ടിനിൽ ഡെയ്മ്‌ലർ ഓഹരി പങ്കാളിത്തം വർധിപ്പിക്കില്ലെന്നു സെച് വ്യക്തമാക്കുന്നു. നിലവിലുള്ള സംവിധാനം ശരിയായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കരുതുന്നു.