വൈദ്യുത കാർ: മികവു തെളിയിക്കാൻ ഡെയ്മ്‌ലറും

വൈദ്യുത കാർ വിഭാഗത്തിൽ മികവു തെളിയിക്കാൻ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഡെയ്മ്ലറുമെത്തുന്നു. ഒക്ടോബറിൽ നടക്കുന്ന പാരിസ് മോട്ടോർ ഷോയിലാവും ഡെയ്മ്ലർ എ ജിയുടെ ഉടമസ്ഥതയിലുള്ള മെഴ്സിഡീസിൽ നിന്നുള്ള വൈദ്യുത കാർ പ്രദർശിപ്പിക്കുക. വൈദ്യുത കാർ നിർമാണത്തിൽ മികവു തെളിയിച്ച യു എസ് കമ്പനിയായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘മോഡൽ എക്സി’നോട് ഏറ്റുമുട്ടാനാണത്രെ ഡെയ്മ്ലറിന്റെ തയാറെടുപ്പ്.  മെഴ്സിഡീസ് ശ്രേണിയിലെ വൈദ്യുത കാർ ഒറ്റത്തവണ ചാർജ് ചെയ്താൽ 310 മൈൽ(500 കിലോമീറ്ററോളം) ഓടുമെന്നു കമ്പനിയുടെ ചീഫ് ഡവലപ്മെന്റ് ഓഫിസർ തോമസ് വെബർ കഴിഞ്ഞ ആഴ്ച സ്റ്റുട്ട്ഗർട്ടിൽ വെളിപ്പെടുത്തിയിരുന്നു. കാറിന്റെ ഘടന തയാറാണെന്നും സാധാരണ നിരത്തുകളിൽ നടത്തിയ ആദ്യ ഘട്ട പരീക്ഷണ ഓട്ടങ്ങളുടെ ഫലമാണ് നിലവിൽ അവലോകനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ കാർ എന്നു വിൽപ്പനയ്ക്കെത്തുമെന്നു വെബർ വ്യക്തമാക്കിയില്ല; ഈ ദശാബ്ദത്തിൽ തന്നെ കാർ ലഭിക്കുമെന്നു മാത്രമായിരുന്നു ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ മറുപടി.

അതേസമയം ഡെയ്മ്ലറിന്റെ ചെറു വൈദ്യുത കാറായ ‘സ്മാർട്ടി’ന്റെ നാലാം തലമുറ മോഡൽ ഈ വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു വെബർ വ്യക്തമാക്കി. രണ്ടും നാലും സീറ്റുള്ള മോഡലുകളാണ് വിപണിയിലെത്തുക. നിലവിൽ ‘സ്മാർട്’, ‘ബി ക്ലാസ്’ എന്നീ രണ്ടു പൂർണ വൈദ്യുത കാറുകളാണു ഡെയ്മ്ലർ വിൽക്കുന്നത്. ഇതിനു പുറമെ ബാറ്ററിയും ആന്തരിക ജ്വലന സാങ്കേതികവിദ്യയുടെ പിൻബലമുള്ള എൻജിനും സംഗമിക്കുന്ന ഒട്ടേറെ പ്ലഗ് ഇൻ ഹൈബ്രിഡുകളും കമ്പനി വിൽക്കുന്നുണ്ട്. ഇത്തരത്തിൽ പെട്ട കൂടുതൽ പ്ലഗ് ഇൻ ഹൈബ്രിഡുകൾ അവതരിപ്പിക്കാനും ഡെയ്മ്ലറിനു പദ്ധതിയുണ്ട്. പോരെങ്കിൽ 2020 ആകുമ്പോഴേക്ക് പ്രതിവർഷം 1,00,000 വൈദ്യുത കാറുകൾ വിൽക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും വെബർ അറിയിച്ചു. എന്നാൽ 2015ൽ ഇത്തരത്തിൽ പെട്ട എത്ര കാർ വിറ്റെന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. കൂടാതെ ഹൈഡ്രജനിൽ നിന്നു വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഓടുന്ന ഇന്ധന സെൽ മോഡലുകൾ വികസിപ്പിക്കാനും ഡെയ്മ്ലർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽപെട്ട ആദ്യ മോഡൽ 2014ൽ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം; എന്നാൽ വില നിർണയത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവതരണം വൈകിക്കുകയായിരുന്നു.

യൂറോപ്യൻ യൂണിയൻ മലിനീകരണ നിയന്ത്രണ നിലവാരം ഉടച്ചു വാർത്തതോടെയാണ് ഡെയ്മ്ലർ അടക്കം ഈ രാജ്യങ്ങളിൽ നിന്നുള്ള നിർമാതാക്കൾ വൈദ്യുത വാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ബാറ്ററി കാർ നിർമാണത്തിൽ വൈദഗ്ധ്യം നേടിയ ടെസ്ലയിൽ നിന്നുള്ള ശക്തമായ വെല്ലുവിളിയും യൂറോപ്യൻ ബ്രാൻഡുകളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ജർമനിയാവട്ടെ വൈദ്യുത വാഹനങ്ങൾക്കും പരിസ്ഥിതിയെ മലിനമാക്കാത്ത കാറുകൾക്കുമെല്ലാം ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ജർമനിയിൽ നിന്നു തന്നെയുള്ള ഫോക്സ്വാഗൻ എ ജിയുടെ ഉപസ്ഥാപനങ്ങളായ ഔഡിയും പോർഷെയും ഓരോ തവണ ചാർജ് ചെയ്യുമ്പോഴും ദീർഘദൂരം പിന്നിടുന്ന വൈദ്യുതവാഹനങ്ങളുടെ മാതൃകകൾ അവതരിപ്പിച്ചു കഴിഞ്ഞു. ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവും ഇത്തരം മോഡലുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.