റഷ്യയിൽ പുതിയ ശാല സ്ഥാപിക്കാൻ മെഴ്സീഡിസ്

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് മോസ്കോയ്ക്കു സമീപം പുതിയ കാർ നിർമാണശാല സ്ഥാപിക്കുമെന്നു റഷ്യൻ സർക്കാർ. കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുമായി പ്രതിവർഷം 20,000 വാഹനങ്ങൾ നിർമിക്കാൻ ശാലയ്ക്കു ശേഷിയുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.

ഒൻപതു വർഷ കാലാവധിയുള്ള കരാറാണ് മെഴ്സീഡിസ് ബെൻസും റഷ്യൻ സർക്കാരുമായി ഒപ്പിട്ടത്. ഡെയ്മ്ലർ എ ജിയുടെ ഉടമസ്ഥതയിലുള്ള മെഴ്സീഡിസ് ബെൻസ് നിർദിഷ്ട ശാലയ്ക്കായി കുറഞ്ഞത് 1,500 കോടി റൂബിൾ(ഏകദേശം 1741.89 കോടി രൂപ) നിക്ഷേപിക്കുമെന്നാണു ധാരണ. റഷ്യയിലെ പുതിയ ശാലയിൽ നിന്ന് 2019ൽ കാർ നിർമാണം ആരംഭിക്കാനാണു മെഴ്സീഡിസ് ബെൻസ് ലക്ഷ്യമിടുന്നത്.