‘ഗോ’യിലും ‘ഗോ പ്ലസി’ലും എയർബാഗുമായി ഡാറ്റ്സൻ

Datsun GO

വിലയിൽ നിയന്ത്രണം കൈവരിക്കാൻ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്ന പേരുദോഷം ഒഴിവാക്കാൻ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ നടപടി തുടങ്ങി. ഹാച്ച്ബാക്കായ ‘ഗോ’യിലും വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഗോ പ്ലസി’ലും ഡ്രൈവർക്ക് എയർബാഗ് ലഭ്യമാക്കാനാണു കമ്പനിയുടെ തീരുമാനം. ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും ‘ടി(ഒ)’ എന്നു പേരിട്ട വകഭേദം ഓഗസ്റ്റോടെ വിൽപ്പനയ്ക്കെത്തും; എയർബാഗുള്ള മോഡലുകൾക്ക് മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് 15,000 രൂപയോളം വിലക്കൂടുതൽ പ്രതീക്ഷിക്കാം.

‘ഗോ’യിലും ‘ഗോ പ്ലസി’ലും എയർബാഗ് ലഭ്യമാക്കുമെന്നു മാർച്ചിൽ തന്നെ ഡാറ്റ്സൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് എയർബാഗുള്ള മോഡലുകളുടെ ഉൽപ്പാദനത്തിന് ഇപ്പോൾ ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ നിസ്സാൻ നിർമാണശാലയിൽ തുടക്കമായത്. എയർബാഗ് ഘടിപ്പിക്കുന്നതല്ലാതെ സാങ്കേതിക വിഭാഗത്തിലോ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ മറ്റു മാറ്റമൊന്നുമില്ലാതെയാവും ‘ഗോ ടി(ഒ)’, ‘ഗോ പ്ലസ് ടി (ഒ)’ വകഭേദങ്ങൾ വിൽപ്പനയ്ക്കെത്തുക.

ഗ്ലോബൽ എൻ സി എ പി നടത്തിയ ക്രാഷ് ടെസ്റ്റിൽ പൂജ്യം സ്കോർ നേടി കനത്ത പരാജയം ഏറ്റുവാങ്ങിയതാണു ഡാറ്റ്സന്റെ ‘ഗോ’യ്ക്കു തിരിച്ചടിയായത്. ഇതോടെ സുരക്ഷ ഉറപ്പാക്കുംവരെ യൂറോപ്പിൽ കാറിന്റെ വിൽപ്പനയ്ക്കു നിരോധനം നിലവിൽ വന്നു; പക്ഷേ ഇന്ത്യയിൽ ചീത്തപ്പേരു സഹിച്ചുതന്നെ ഡാറ്റ്സൻ ‘ഗോ’ വിൽപ്പന തുടരുകയായിരുന്നു. ‘ഗോ’ ഇന്ത്യയിൽ നിലവിലുള്ള സുരക്ഷാനിലവാരം പാലിക്കുന്നുണ്ടെന്നായിരുന്നു കമ്പനിയുടെ നിലപാട്.

എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നടപ്പാക്കുന്ന ഭേദഗതികൾ നിലവിൽ വരുന്നതോടെ 2017 മുതൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്കും ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കുകയാണ്. ഇതോടെ യൂറോപ്പിലെ പോലെ ഇന്ത്യയിലും ക്രാഷ് ടെസ്റ്റ് വിജയിച്ച കാറുകൾക്കു മാത്രമാവും വിപണന സാധ്യത. നിയമത്തിലെ നടപ്പാവുന്ന ഈ മാറ്റം മുൻനിർത്തിയാണ് എയർബാഗ് ഘടിപ്പിച്ച വകഭേദം അവതരിപ്പിച്ച് വിപണിയുടെ വിശ്വാസം വീണ്ടെടുക്കാൻ ഡാറ്റ്സൻ നടപടി ആരംഭിച്ചിരിക്കുന്നത്.