വലിയ എൻജിനുമായി റെഡിഗോ

RediGo Sport

ക്വിഡിനു പുറമെ ഡാറ്റ്സൺ റെഡിഗോ കാറിനും 1000 സിസി എൻജിൻ ഘടിപ്പിക്കാൻ റെനോ–നിസാൻ. റെഡിഗോയുടെ 800 സിസി എൻജിനുള്ള വകഭേദം നിലവിൽ ഡാറ്റ്സൺ‌ ബ്രാൻഡിന്റെ മികച്ച വിൽപനയുള്ള കാറാണ്. ഗോ, ഗോപ്ലസ് എന്നീ കാറുകൾ നനഞ്ഞ പടക്കങ്ങളായി പോയതിന്റെ ക്ഷീണത്തിൽ നിന്നു ഡാറ്റ്സണു പുതുജീവൻ ലഭിച്ചത് റെഡിഗോ വഴിയാണ്. ഇതു പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ നീക്കം.

മാരുതി സുസുകിയുടെ കെ10 (1000 സിസി) എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളോട് മത്സരിക്കാനാണ് പുതിയ 1000 സിസി എൻജിൻ പുറത്തിറക്കുന്നത്. നോയിസ്, വൈബ്രേഷൻ, ഹാർഷ്നെസ് എന്നിവയുടെ നിലവാരം 800 സിസി എൻജിനെക്കാൾ മികച്ചതാണെങ്കിലും മാരുതിയുടെ കെ10 എൻജിനോടു കിടപിടിക്കാൻ റെനോ–നിസാന്റെ 1000 സിസി എൻജിന് കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം എഎംടി ഗിയർബോക്സ് നൽകാനും ഡാറ്റ്സണു പദ്ധതിയുണ്ട്.

RediGo

എന്നാൽ ക്വിഡിലെ പോലെ ഉയർന്ന വകഭേദത്തിൽ മാത്രമായിരിക്കും എഎംടി. എന്നാൽ ഗിയർ ലിവറാണോ ക്വിഡിലെപോലെ ‘നോബ്’ (തിരിക്കുന്ന സ്വിച്ച്) ആണൊ ‘റെഡിഗോ’യിൽ ഉപയോഗിക്കുകയെന്നു വ്യക്തമല്ല. വില കുറക്കുന്നതിനായി നോബ് തന്നെ പരിഗണിച്ചേക്കാം. പുറം കാഴ്ചയിൽ‌ 1000 സിസിക്ക് വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും മെച്ചപ്പെട്ട സീറ്റുകളും ഡാഷ്ബോർഡും 1000 സിസി മോഡലിൽ പ്രതീക്ഷിക്കാം. ഡേടൈം റണ്ണിങ് ലാംപ് ആയി പ്രവർത്തിക്കുന്ന ബംപറിലെ സ്ട്രിപ് ലൈറ്റ് 1000 സിസിയിൽ സ്റ്റാൻഡേർഡായി ഉണ്ടായേക്കും.

RediGo

മാരുതിയുടെ ഓൾട്ടോ കെ10, വാഗൺആർ എന്നീ മോഡലുകളെയും മുഖം മിനുക്കി എത്തുന്ന ഹ്യുൻഡയ് ഇയോണിനെയുമാണ് റെഡിഗോ ലക്ഷ്യം വയ്ക്കുന്നത്. ജൂണോടെ വിപണിയിലെത്തുമെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചെറുകാർ വിപണിയിൽ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനായാണ് നിസാൻ ഡാറ്റ്സൺ ബ്രാൻഡ് രാജ്യാന്തര തലത്തിൽ അവതരിപ്പിച്ചത്. നിസാന്റെ പല വാഹനങ്ങൾക്കുമുള്ള പ്രീമിയം പരിവേഷം ചെറുകാറുകൾ മൂലം ഇല്ലാതാകരുെതന്ന ചിന്തയും ഡാറ്റ്സൺന്റെ പിറവിക്കു പിന്നിലുണ്ട്.