ഡാറ്റ്സനിൽ നിന്നുള്ള പുതിയ കാർ അടുത്ത മാർച്ചിൽ

Datsun GO+

അടുത്ത മാർച്ചോടെ പുതിയൊരു ചെറുകാർ കൂടി വിൽപ്പനയ്ക്കെത്തിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ. ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിൽ 2017ൽ പുറത്തിറക്കാനിരുന്ന ചെറുകാറിന്റെ അവതരണമാണു നിസ്സാൻ അടുത്ത മാർച്ചിലേക്കു മാറ്റിയത്. ഡാറ്റ്സന്റെ ചെറുകാർ അടുത്ത മാർച്ചിൽ പുറ്തതെത്തുമെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്രയാണു വ്യക്തമാക്കിയത്. അടുത്ത മൂന്നു നാലു വർഷത്തിനുള്ളിൽ ഇന്ത്യയിലെ വിപണി വിഹിതം ഇപ്പോഴത്തെ രണ്ടു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി വർധിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരിയിലാണു നിസ്സാൻ മോട്ടോർ ഡാറ്റ്സൻ ശ്രേണിയിലെ വിവിധോദ്ദേശ്യ വാഹന (എം പി വി)മായ ‘ഗോ പ്ലസ്’ പുറത്തിറക്കിയത്. ഡൽഹി ഷോറൂമിൽ 3.79 ലക്ഷം രൂപയായിരുന്നു ‘ഗോ പ്ലസി’നു വില.

കഴിഞ്ഞ വർഷമാണു ചെറുകാറായ ‘ഗോ’ പുറത്തിറക്കി നിസ്സാൻ, ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുനഃരവതരിപ്പിച്ചത്. മുമ്പ് 190 രാജ്യങ്ങളിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന ഡാറ്റ്സൻ ബ്രാൻഡ് 1986ലാണു നിസ്സാൻ പിൻവലിച്ചത്. 27 വർഷത്തിനുശേഷം കമ്പനിയുടെ ബജറ്റ് ബ്രാൻഡെന്ന നിലയിൽ ഇന്ത്യയിൽ പുനഃരവതരിപ്പിക്കുകയും ചെയ്തു.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ഡാറ്റ്സന്റെ മടങ്ങിവരവ്. ഡാറ്റ്സൻ ശ്രേണിയിലെ വാഹനങ്ങളുടെ വിൽപ്പനയ്ക്കായി നിസ്സാൻ ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ പ്രത്യേക ഡീലർഷിപ്പുകളും ആരംഭിക്കുന്നുണ്ട്. വൻനഗരങ്ങളിൽ നിലവിൽ നിസ്സാൻ ഷോറൂമുകൾ വഴിയാണു ഡാറ്റ്സൻ മോഡലുകളും വിൽപ്പനയ്ക്കെത്തുന്നത്. ഇന്ത്യയിലെ മൊത്തം ഡീലർഷിപ്പുകൾ 300 ആയി ഉയർത്താൻ ലക്ഷ്യമിടുന്ന നിസ്സാൻ അടുത്ത വർഷത്തോടെ ഡാറ്റ്സനു മാത്രമായി അറുപതോളം ഷോറൂമുകളും തുറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഡാറ്റ്സനു മാത്രമായി 21 ഷോറൂമുകളാണു രാജ്യത്തുള്ളത്.

പ്രവർത്തനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടു നിസ്സാൻ ചെന്നൈയ്ക്കു പുറത്തു സ്പെയർ പാർട്സ് വിതരണ കേന്ദ്രങ്ങളും സ്ഥാപിച്ചു തുടങ്ങി. ഇതിൽ ആദ്യ കേന്ദ്രം വൈകാതെ ഉത്തരേന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്നാണു സൂചന.