ഡേവിഡ് ബെക്കമിന്റെ ‘റേഞ്ച് റോവർ’ വിൽപ്പനയ്ക്ക്

പ്രശസ്ത ഫുട്ബോൾ താരം ഡേവിഡ് ബെക്കം ഉപയോഗിച്ചിരുന്ന ‘റേഞ്ച് റോവർ സ്പോർട്’ ലേലത്തിനെത്തുന്നു. യു കെയിലെ കവൻട്രിക്കു സമീപമുള്ള വാർവിക്ഷെർ എക്സിബിഷൻ സെന്ററിൽ അടുത്ത അഞ്ചിനാണ് ഈ 2007 മോഡൽ എസ് യു വി ലേലം ചെയ്യുക. യു കെയിലെ ക്ലാസിക് കാർ ഓക്ഷൻസ് സംഘടിപ്പിക്കുന്ന ലേലത്തിൽ ബെക്കമിന്റെ ‘റേഞ്ച് റോവറി’ന് 23,000 മുതൽ 25,000 പൗണ്ട്(ഏകദേശം 23.07 — 25.08 ലക്ഷം രൂപ) വരെ വില ലഭിക്കുമെന്നാണു പ്രതീക്ഷ.

വെറും സാധാരണ ‘റേഞ്ച് റോവർ സ്പോർട്’ ആയിരുന്നില്ല ബെക്കവും ഭാര്യയും പഴയ ‘സ്പൈസ് ഗേൾസ്’ ഗായികയുമായ വിക്ടോറിയ ബെക്കവും മക്കളും ഉപയോഗിച്ചിരുന്നത്. കാൻ ഡിസൈനിന്റെ സഹായത്തോടെ ഒരു ലക്ഷം പൗണ്ടോളം(ഒരു കോടിയിലേറെ രൂപ) മുടക്കി കാൻ ബോഡി കിറ്റും കറുത്ത, അഞ്ചു സ്പോക്ക് അലോയ് വീലുമൊക്കെയായി സമഗ്രമായി പരിഷ്കരിച്ച് എസ് യു വിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനുമൊക്കെ വേണ്ടി കളത്തിലിറങ്ങിയ താരത്തിന്റെ യാത്ര.

കാറിനു കരുത്തേകുന്നത് 4.2 ലീറ്റർ, സൂപ്പർ ചാർജ്ഡ് വി എയ്റ്റ് പെട്രോൾ എൻജിനാണ്; പരമാവധി 389 ബി എച്ച് പി കരുത്തും 550 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ക്വിൽറ്റഡ് ലതർ സീറ്റ്, പിന്നിൽ ഇരട്ട സ്ക്രീൻ, ജെനെസിസ് സൗണ്ട് സിസ്റ്റം എന്നിവയൊക്കെ ബെക്കമിന്റെ ‘റേഞ്ച് റോവറി’ലുണ്ട്. ഫ്ളോർ മാറ്റിലാവട്ടെ ബെക്കമിന്റെ പേരുണ്ട്; കൂടാതെ ‘ഡേവിഡ് ബെക്കമിനായി രൂപകൽപ്പന ചെയ്തത്’ എന്നു വിളംബരം ചെയ്യുന്ന ഫലകവും എസ് യു വിക്കുള്ളിലുണ്ട്.

എട്ടു വർഷത്തിനിടെ 62,000 മൈൽ(ഏകദേശം 99,779 കിലോമീറ്റർ) ആണ് ഈ എസ് യു വി ഓടിയത്. ബെക്കമിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഉൾപ്പെടുത്തി ‘ഡി ബി 1001’ എന്നായിരുന്നു കാറിന്റെ ആദ്യ റജിസ്ട്രേഷൻ നമ്പർ. പിന്നീടാണ് ബെക്കം ഈ ‘റേഞ്ച് റോവർ സ്പോർട്’ സഹോദരി ജോവാനിനു കൈമാറുന്നത്.