17-കാരൻ ഓടിച്ച ബെൻസിടിച്ച് യുവാവ് മരിച്ചു

പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു സിദ്ധാർ‌ത്ഥ് ശർമ്മ എന്ന യുവാവ്. ഒരു നിമിഷത്തെ അശ്രദ്ധയാണ് സിദ്ധാർത്ഥിനെ ഇല്ലാതാക്കിയത്. അമിത വേഗത്തിൽ വന്ന മെർസിഡസ് ബെൻസിന്റെ ഡ്രൈവർ അൽപമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ സിദ്ധാർത്ഥിന് ഈ ഗതി വരില്ലായിരുന്നു. വാഹനം ഓടിച്ച 17 വയസുകാരനും കൂട്ടുകാരും അപകടം നടന്നയുടനെ ഓടി രക്ഷപെട്ടു.

വടക്കന്‍ ദില്ലിയില്‍ സിവില്‍ ലൈൻസ് റോഡിലാണ് സംഭവം. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥ് ശര്‍മ്മയെ മേഴ്സിഡസ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളും നോക്കി മുറിച്ചു കടക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്. ഉടന്‍ അമിത വേഗത്തില്‍ വന്ന കാര്‍ കണ്ട് പിറകോട്ട് നീങ്ങിയെങ്കിലും കാര്‍ സിദ്ധാര്‍ത്ഥിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

100 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറെന്ന് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാതെ കാര്‍ ഓടിച്ചതിന് കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റോഡ് മുറിച്ചു കടക്കുന്ന സിദ്ധാര്‍ത്ഥിനെ കണ്ടിട്ടു പോലും കാറിന്റെ വേഗത കുറച്ചില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ ബെൻസ് കാർ ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തില്ലെന്നാണ് സിദ്ധാർത്ഥിന്റെ സുഹൃത്തുകളും ബന്ധുക്കളും ആരോപിക്കുന്നത്. സിദ്ധാർഥിന് നീതി ലഭിക്കാനായി ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയും അവർ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോ പുറത്തു വന്നത്.