ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് മേൽ നിയന്ത്രണം

നഗരത്തിലെ അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാർ കടുത്ത നടപടികൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം, അടുത്ത മാസം ഒന്നുമുതൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാനാകൂ. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

ഡൽഹിയിൽ സർവീസ് നടത്തുന്ന ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇതു ബാധകമായിരിക്കും. അടിയന്തര സർവീസുകൾക്ക് ഇളവു നൽകും. മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമർശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ്് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഈ തീരുമാനമെടുത്തത്. മലിനീകരണ തോത് കുറയ്ക്കുന്നതിനു സ്വീകരിച്ച നടപടികൾ ഈ മാസം 21ന് അറിയിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണു നടപടി.