പ്രീമിയം ബസ് സർവീസ് തുടങ്ങാൻ ഡൽഹി സർക്കാർ

കൂടുതൽ യാത്രാ സുഖം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടു പ്രീമിയം ബസ് സർവീസ് തുടങ്ങാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടിയാണ് ഉയർന്ന ടിക്കറ്റ് നിരക്കോടെ പ്രീമിയം ബസ് സർവീസ് തുടങ്ങുന്നത്. എയർ കണ്ടീഷൻ ചെയ്ത പ്രീമിയം ബസ്സുകളാവും ഈ പദ്ധതി പ്രകാരം ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) നിരത്തിലിറക്കുക. നിലവിൽ കാറുകളിൽ ഓഫിസിൽ പോകുന്ന സമ്പന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണു പ്രീമിയം ബസ് സർവീസ് അവതരിപ്പിക്കുന്നതെന്നു ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

സാധാരണ ബസ്സുകളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാവും പ്രീമിയം ബസ്സുകളുടെ സർവീസ് എന്നും അദ്ദേഹം വെളിപ്പെടുത്തി. സമ്പന്നർ താമസിക്കുകയും ജോലിക്കു പോകുകയും ചെയ്യുന്ന മേഖലകളെ ബന്ധിപ്പിച്ചാവും ഇത്തരം ബസ്സുകളുടെ സർവീസ്. കൂടാതെ പ്രീമിയം സർവീസ് നടത്തുന്ന ബസ്സുകളിൽ ഓൺലൈൻ സംവിധാനത്തിൽ സീറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും റായ് അറിയിച്ചു. ഇതോടൊപ്പം പ്രീമിയം ബസ് സർവീസിലേക്ക് അതിസമ്പന്നരെ ആകർഷിക്കാനായി കൂടുതൽ സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ് ക്ലാസ് ശ്രേണി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. വൈകാതെ പ്രീമിയം ബസ് സർവീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷയെന്നും ഗോപാൽ റായ് അറിയിച്ചു. അധിക നിരക്ക് താങ്ങാൻ കഴിയുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന ആദ്യ പൊതുഗതാഗത സംവിധാനമാവുമിതെന്നും അദ്ദേഹ വിശദീകരിച്ചു.

മെട്രോ ട്രെയിനുകളിൽ അധിക നിരക്ക് ഈടാക്കുന്ന പ്രീമിയം സേവനം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണമെന്നു കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ഡൽഹി മെട്രോ റയിൽ കോർപറേഷ(ഡി എം ആർ സി) നു നിർദേശം നൽകിയിരുന്നു. ഡൽഹി മെട്രോയിലെ സാധാരണ ടിക്കറ്റ് നിരക്കിന്റെ അഞ്ചോ ആറോ ഇരട്ടി ഈടാക്കി സീറ്റുകൾ ബുക്ക് ചെയ്യാൻ അവസരമൊരുക്കണമെന്നായിരുന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.