നോട്ട് നിരോധനം: ഷോറൂമിൽ ആളെത്തുന്നില്ലെന്നു ഹീറോ

മൂല്യമേറിയ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം നടപ്പായതോടെ ഷോറൂമുകളിൽ ആളെത്തുന്നില്ലെന്നു രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. നവരാത്രി, ദീപാവലി ഉത്സവകാലത്ത് റെക്കോഡ് വിൽപ്പന നേടിയ പിന്നാലെയാണ് ഈ തിരിച്ചടിയെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രാബല്യത്തിലെത്തി ആദ്യ വാരം പിന്നിടുമ്പോൾ നില മെച്ചപ്പെടുന്നുണ്ടെന്നും കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പവൻ മുഞ്ജാൾ അറിയിച്ചു. ഇരുചക്രവാഹന വിൽപ്പന വൈകാതെ സാധാരണ നില വീണ്ടെടുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പായ ആദ്യ ദിനങ്ങളിൽ സാധാരണ ഗതിയിൽ ഷോറൂം സന്ദർശിക്കുന്നവരുടെ 15% മാത്രമാണു ഡീലർഷിപ്പുകളിൽ എത്തിയിരുന്നത്. പണലഭ്യത മെച്ചപ്പെട്ടതോടെ സന്ദർശകരുടെ എണ്ണം സാധാരണയുടെ പകുതിയോളമായി. വൈകാതെ കാര്യങ്ങൾ പൂർവസ്ഥിതിയിലാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ എട്ടിനു രാത്രി എട്ടോടെ രാജ്യത്തോടു നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ പഴയ നോട്ടുകൾ മാറി പുതിയവ വാങ്ങാനായി ജനം ബാങ്കുകളിലേക്കു കുതിച്ചു. എ ടി എമ്മുകൾ കൂടി പ്രവർത്തിക്കാതെ വന്നതോടെ രാജ്യത്തെ ജനത്തിന് അത്യാവശ്യ ചെലവുകൾക്കു പോലുമുള്ള പണം ലഭ്യമല്ലാത്ത സാഹചര്യമായി.
കഴിഞ്ഞ ഏപ്രിൽ — ഒക്ടോബർ കാലത്തു രാജ്യത്തെ ഇരുചക്രവാഹന വിൽപ്പന 16% വളർച്ച കൈവരിച്ചിരുന്നു. സെപ്റ്റംബറിൽ 6,74,961 യൂണിറ്റ് വിറ്റു ഹീറോ മോട്ടോ കോർപ് റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഒപ്പം ഒക്ടോബറിലെ വിൽപ്പനയിലും 2015 ഒക്ടോബറിനെ അപേക്ഷിച്ച് കമ്പനി 3.64% വളർച്ച കൈവരിച്ചു.

അതേസമയം മൂല്യമേറിയ നോട്ടുകൾക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നതോടെ ഇരുചക്രവാഹന വിൽപ്പനയ്ക്കാണ് ഏറ്റവും തിരിച്ചടി നേരിട്ടതെന്നാണു വിപണിയുടെ വിലയിരുത്തൽ. രൊക്കം പണം കൊടുത്താണു പലരും ബൈക്കും സ്കൂട്ടറും വാങ്ങുന്നത് എന്നതിനാലാണു നോട്ട് നിരോധനം ഈ മേഖലയ്ക്കു കൂടുതൽ തിരിച്ചടി സൃഷ്ടിച്ചത്. താൽക്കാലികമായി തിരിച്ചടി സൃഷ്ടിക്കുമെങ്കിലും മൂല്യമേറിയ നോട്ടുകൾ നിരോധിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു ഗുണകരമാവുമെന്നാണു മുഞ്ജാളിന്റെ വിലയിരുത്തൽ. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതിലും മികച്ചതൊന്നും സംഭവിക്കാനില്ല; ദീർഘദൃഷ്ടിയുള്ള നീക്കമെന്ന നിലയിൽ നോട്ട് നിരോധനം സൃഷ്ടിക്കുന്ന വേദനകൾ താൽക്കാലികമാണെന്നും മുഞ്ജാൾ അഭിപ്രായപ്പെട്ടു. ഏതാനും ദിവസമോ ഏതാനും ആഴ്ചകളോ പോലും ഈ ബുദ്ധിമുട്ടുകൾ സഹിച്ചാലും അവസാനം എല്ലാവർക്കും ആഹ്ലാദിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.