മോടൗൺ മ്യൂസിയം വികസനം: ഫോഡിന്റെ 60 ലക്ഷം ഡോളർ

Motown Museum

ഡെട്രോയിറ്റിലെ മോടൗൺ മ്യൂസിയം വികസനത്തിന് 60 ലക്ഷം ഡോളർ(ഏകദേശം 40.94 കോടി രൂപ) സംഭാവന നൽകുമെന്നു യു എസ് വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി. ഫോഡിലെ തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഓട്ടമൊബീൽ വർക്കേഴ്സിന്റെ കൂടി സഹകരണത്തോടെയാണു കമ്പനി മൊത്തം അഞ്ചു കോടി ഡോളർ(341.20 കോടിയോളം രൂപ) ചെലവു പ്രതീക്ഷിക്കുന്ന നവീകരണത്തിൽ പങ്കാളിയാവുന്നത്.

പദ്ധതിയുമായി സഹകരിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ഫോഡ് മോട്ടോർ കമ്പനി പ്രസിഡന്റ് (അമേരിക്കാസ്) ജോ ഹിൻറിക്സ് അറിയിച്ചു. സന്ദർശകർക്കു മെച്ചപ്പെട്ട അനുഭവം സമ്മാനിക്കുന്നതിനൊപ്പം ഡെട്രോയിറ്റിന്റെയും തെക്കുകിഴക്കൻ മിചിഗനിലെയും സാംസ്കാരിക പൈതൃക വികസനത്തോടുള്ള പ്രതിബദ്ധതയുടെ കൂടി ഭാഗമായാണ് മ്യൂസിയം വികസനത്തിൽ കമ്പനി പങ്കാളിയാവുന്നത്. മ്യൂസിയം വിപുലീകരണത്തിൽ ഹിൻറിക്സാവും നേതൃസ്ഥാനം വഹിക്കുക. ഒപ്പം മോടൗൺ മ്യൂസിയത്തിന്റെ ഔദ്യോഗിക വാഹനവും ഫോഡ് ആവും.

മേഖലയ്ക്കും ലോകത്തിനു തന്നെയും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥാപനത്തെ ശക്തിപ്പെടുത്താനാണു യൂണിയൻ മോടൗൺ മ്യൂസിയം വികസനത്തെ പിന്തുണയ്ക്കുന്നതെന്ന് യു എ ഡബ്ല്യു വൈസ് പ്രസിഡന്റ് ജിമ്മി സെറ്റിൽസ് അറിയിച്ചു. മോടൗൺ മ്യൂസിയം പരിസരത്തെ ജനതയോടുള്ള പ്രതിബദ്ധത തുടരാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡെട്രോയിറ്റ് ആസ്ഥാനമായ ബ്രാൻഡുകളെന്ന നിലയിൽ മോടൗണും ഫോഡ് മോട്ടോർ കമ്പനിയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നു മോടൗൺ മ്യൂസിയം കോ ചെയർവുമനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോബിൻ ആർ ടെറി അഭിപ്രായപ്പെട്ടു. മ്യൂസിയം വിപുലീകരണത്തിൽ ഫോഡ് മോട്ടോർ കമ്പനിയും യു എ ഡബ്ല്യു — ഫോഡും കാണിക്കുന്ന പ്രതിബദ്ധതയ്ക്കു ടെറി കൃതജ്ഞത രേഖപ്പെടുത്തി.