അരങ്ങേറ്റത്തിനൊരുങ്ങി ഡീസൽ ‘സെലേറിയൊ’

ഇന്ത്യൻ വാഹന ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡീസൽ എൻജിനുള്ള ‘സെലേറിയൊ’യുടെ അരങ്ങേറ്റം അരികിലെത്തി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തുറുപ്പുചീട്ടായ ഡീസൽ ‘സെലേറിയൊ’ മിക്കവാറും അടുത്ത മൂന്നിന് നിരത്തിലെത്തുമെന്നാണു സൂചന. ഇതിനു മുന്നോടിയായി കാറിനുള്ള ബുക്കിങ്ങും വരുംദിനങ്ങളിൽ സ്വീകരിച്ചു തുടങ്ങുമെന്നാണു കേൾക്കുന്നത്. അരങ്ങേറ്റ നാളിൽ തന്നെ ആദ്യ ബാച്ച് ഡീസൽ ‘സെലേറിയൊ’ ഉടമകൾക്കു കൈമാറാനാണത്രെ മാരുതി സുസുക്കിയുടെ പദ്ധതി.

മാരുതി ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത, ‘ഡി ഡി ഐ എസ് 125’ എന്നു പേരുള്ള 793 സി സി ഡീസൽ എൻജിനാണു ‘സെലേറിയൊ’യ്ക്കു കരുത്തേകുക. 3500 ആർ പി എമ്മിൽ പരമാവധി 47 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക; 2000 ആർ പി എമ്മിൽ പരമാവധി 125 എൻ എം ടോർക്കും. തുടക്കത്തിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും കാറിന്റെ ട്രാൻസ്മിഷൻ. പെട്രോൾ ‘സെലേറിയൊ’യെ ജനപ്രിയമാക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഉടനൊന്നും ഡീസൽ എൻജിനൊപ്പം ഇടംപിടിക്കാൻ സാധ്യതയില്ല. അതുപോലെ നിലവിലുള്ള ‘സെലേറിയൊ’യെ അപേക്ഷിച്ച് മുക്കാൽ ലക്ഷത്തോളം രൂപ അധിക വിലയ്ക്കാവും ഡീസൽ എൻജിനുള്ള മോഡൽ വിൽപ്പനയ്ക്കെത്തുക.

വലിപ്പമേറിയ മൂന്നു സിലിണ്ടർ ഡീസൽ എൻജിന്റെ പിൻബലമുള്ള എതിരാളികളായ ഷെവർലെ ‘ബീറ്റി’നെയും ഹ്യുണ്ടായ് ‘ഗ്രാൻഡ് ഐ ടെന്നി’നെയുമൊക്കെ അപേക്ഷിച്ചു കരുത്തു കുറവാണെന്നതാവും ‘സെലേറിയൊ’ നേരിടാവുന്ന പ്രധാന വെല്ലുവിളി. പക്ഷേ ഓരോ ഡീസൽ ലീറ്ററിലും 27.62 കിലോമീറ്റർ ഓടുമെന്ന മാരുതി സുസുക്കിയുടെ വാഗ്ദാനത്തിനു മുന്നിൽ ടോർക്കിന്റെയും കരുത്തിന്റെയുമൊക്കെ താരതമ്യം കാര്യമായ ചലനം സൃഷ്ടിക്കുമോ എന്നു സംശയമുണ്ട്. അതുപോലെ ഈ വാഗ്ദാനം യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാറുകൾക്കൊപ്പമാവും ഡീസൽ ‘സെലേറിയൊ’യുടെ സ്ഥാനം.

ചെറുകാറുകൾക്കു പുറമെ വൈകാതെ അവതരിപ്പിക്കുന്ന ലഘുവാണിജ്യ വാഹന(എൽ സി വി)ത്തിനു കൂടി ഉപയോഗിക്കാവുന്ന ഡീസൽ എൻജിൻ വികസിപ്പിക്കാനുള്ള ശ്രമം മാരുതി സുസുക്കി ആരംഭിച്ചിട്ട് ഏറെ നാളായി. ‘വൈ നയൻ ടി’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന എൽ സി വിയിലാവും പുതിയ ഡീസൽ എൻജിൻ അരങ്ങേറുകയെന്നാണു നേരത്തെ കേട്ടിരുന്നത്. എന്നാൽ ‘സെലേറിയൊ’യിലൂടെ തന്നെ പുതിയ ഡീസൽ എൻജിനെ പുറത്തിറക്കാനാണ് ഇപ്പോൾ മാരുതി സുസുക്കി തീരുമാനിച്ചിരിക്കുന്നത്.