ഡീസൽ സേലേറിയോ എത്തി

ഡീസൽ എൻജിൻ കരുത്തേകുന്ന ‘സെലേറിയൊ’ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൂന്നിന് അവതരിപ്പിച്ചു. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച 793 സി സി, ഇരട്ട സിലിണ്ടർ ഡീസൽ എൻജിൻ കരുത്തേകുന്നു ‘സെലേറിയൊ ഡി ഡി ഐ എസ് 125’ കാറിന്റെ പ്രാരംഭ വില 4.65 ലക്ഷമാണ്. 3500 ആർ പി എമ്മിൽ പരമാവധി 47 ബി എച്ച് പി കരുത്താണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക; 2000 ആർ പി എമ്മിൽ പരമാവധി 125 എൻ എം ടോർക്കും.

രാജ്യത്തെ ഏറ്റവും പ്രവർത്തന ചെലവു കുറഞ്ഞ കാർ എന്ന പെരുമയുമായെത്തുന്ന സെലേറിയോയ്ക്ക് ലീറ്ററിന് 27.62 കിലോമീറ്ററാണു ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത.മാരുതി സുസുക്കിയുടെ മറ്റു മോഡലുകളെ പോലെ മൂന്നു വകഭേദങ്ങളിലാണ് ‘സെലേറിയൊ ഡി ഡി ഐ എസ് 125’ വിൽപ്പനയ്ക്കെത്തുന്നത്. എൽ ഡി ഐ, വി ഡി ഐ, സെഡ് ഡി ഐ. എല്ലാ വകഭേദങ്ങളിലും അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സാണ് ട്രാൻസ്മിഷൻ.

പെട്രോൾ വകഭേദങ്ങൾക്കു സമാനമായ അക്കത്തളമാവും ഡീസൽ എൻജിനുള്ള ‘സെലേറിയൊ’യിലുളളത്. ചെറുകാറുകൾക്കു പുറമെ വൈകാതെ അവതരിപ്പിക്കുന്ന ലഘുവാണിജ്യ വാഹന(എൽ സി വി)ത്തിനു കൂടി ഉപയോഗിക്കാവുന്ന ഡീസൽ എൻജിൻ വികസിപ്പിക്കാനുള്ള ശ്രമം മാരുതി സുസുക്കി ആരംഭിച്ചിട്ട് ഏറെ നാളായി. ‘വൈ നയൻ ടി’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന എൽ സി വിയിലാവും പുതിയ ഡീസൽ എൻജിൻ അരങ്ങേറുകയെന്നാണു നേരത്തെ കേട്ടിരുന്നത്.

വിവിധ മോഡലുകളുടെ വില ചുവടെ

സെലേറിയോ എൽ ഡി ഐ - 4,65,393

സെലേറിയോ വി ഡി ഐ - 4,95,414

സെലേറിയോ സെഡ് ഡി ഐ - 5,25,442

സെലേറിയോ സെഡ് ഡി ഐ ഓട്ടമാറ്റിക് - 5,71,484