ക്രൂഡ് വില കുറഞ്ഞാലും ഇന്ത്യയിൽ ഇന്ധനവില കുറയില്ല

രാജ്യാന്തരതലത്തിൽ അസംസ്കൃത എണ്ണ വില താഴ്ന്ന നിലവാരത്തിൽ തുടരുന്നതിന്റെ ആനുകൂല്യങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കാനുള്ള സാധ്യത മങ്ങുന്നു. ക്രൂഡ് ഓയിൽ വിലയിടിവ് പരിഗണിച്ചു പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്കുകൾ കുറയ്ക്കേണ്ടെന്ന നിർദേശമാണു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളത്. ക്രൂഡ് ഓയിൽ വില ബാരലിന് 15 ഡോളർ ഉയർന്നാൽ പോലും ചില്ലറ വിൽപ്പന വില മാറ്റേണ്ടാത്ത വിധത്തിൽ എക്സൈസ് ഡ്യൂട്ടി നിരക്കുകൾ ഇപ്പോഴത്തെ നിലവാരത്തിൽ നിലനിർത്താനാണത്രെ സർക്കാരിനോട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്(സി ഇ എ) നിർദേശിച്ചിരിക്കുന്നത്.

നിലവിൽ ബാരലിന് 49 ഡോളർ നിലവാരത്തിലാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില; ഇത് 65 ഡോളറായി ഉയരും വരെ എക്സൈസ് ഡ്യൂട്ടി നിരക്കുകൾ ഇപ്പോഴത്തെ രീതിയിൽ തുടരട്ടെ എന്നാണു സി ഇ എയുടെ അഭിപ്രായം. വില 65 ഡോളറിനു മുകളിലെത്തുന്നതു മൂലമുള്ള അധിക ബാധ്യത ഉപയോക്താക്കളും സർക്കാരും തുല്യമായി വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ക്രൂഡിന്റെ വില വർധനയ്ക്കൊത്ത് എക്സൈസ് ഡ്യൂട്ടി നിരക്ക് കുറയ്ക്കാൻ സർക്കാർ തയാറാകണം; ഒപ്പം പെട്രോളിനും ഡീസലിനും കൂടുതൽ വില നൽകാൻ ഉപയോക്താക്കളും സന്നദ്ധരാവണമത്രെ.

ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറു മാസക്കാലത്ത് ക്രൂഡ് വില ശരാശരി 65 ബാരലിലെത്തിയാൽ 92,000 കോടി രൂപയുടെ അധിക ബാധ്യതയാണു കണക്കാക്കുന്നത്; മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.3 ശതമാനത്തോളം വരുമിതെന്ന് സി ഇ എ ചൂണ്ടിക്കാട്ടുന്നു. ഈ അധിക ബാധ്യതയുടെ പകുതിയാണ് എക്സൈസ് ഡ്യൂട്ടി ഇളവു വഴി സർക്കാർ ഏറ്റെടുക്കേണ്ടത്.  ലോക വിപണിയിൽ ക്രൂഡ് വില ബാരലിന് അഞ്ചു ഡോളർ വീതം ഉയർന്നാൽ അധിക ബാധ്യതയുടെ പകുതി ഈടാക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ ലീറ്ററിന് രണ്ടു മുതൽ 2.10 രൂപയുടെ വർധന പ്രതീക്ഷിക്കാം. എക്സൈസ് ഡ്യൂട്ടി നിരക്കിൽ ഒരു രൂപ ഇളവ് അനുവദിച്ചാൽ കേന്ദ്ര സർക്കാരിനു നഷ്ടമാവുക പെട്രോളിൽ നിന്നുള്ള വരുമാനത്തിൽ പ്രതിവർഷം 3,500 കോടി രൂപയും ഡീസലിൽ നിന്നുള്ള വരവിൽ 9,000 കോടി രൂപയുമാണ്.