ഡ്രൈവർ ഇല്ലാത്ത ബസ്സുകൾ ദുബായ്, ലിയോൺ നിരത്തുകളിൽ

ഡ്രൈവർ ഇല്ലാത്ത മിനി ബസ്സുകൾ ഫ്രാൻസിൽ ഒരു വർഷം നീളുന്ന പരീക്ഷണ ഓട്ടം തുടങ്ങുന്നു. ഈ വാരാന്ത്യം മുതലാണു കിഴക്കൻ ഫ്രാൻസിലെ ലിയോൺ നഗരത്തിൽ ഡ്രൈവർ ഇല്ലാത്ത ബസ്സുകൾ യാത്രക്കാരുമായി ഓട്ടം തുടങ്ങുക. ലോകത്തു തന്നെ ഇതാദ്യമായാണു ഡ്രൈവർ ഇല്ലാത്ത ബസ്സുകൾ ഓട്ടം തുടങ്ങുന്നതെന്നാണു ഫ്രഞ്ച് അധികൃതരുടെ അവകാശവാദം. അതിനിടെ ദുബായിലും ഡ്രൈവർ ഇല്ലാത്ത ആദ്യ ബസ് ഒരു മാസം നീളുന്ന പരീക്ഷണ ഓട്ടത്തിനെത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്കു സമീപത്തായി 700 മീറ്റർ ദൂരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു 10 പേർക്കു യാത്രാസൗകര്യമുള്ള വൈദ്യുത ബസ്സിന്റെ കന്നിഓട്ടം.

ലേസർ സെൻസറും സ്റ്റീരിയോ വിഷനും ഗ്ലോബൽ പൊസിഷനിങ് സംവിധാന(ജി പി എസ്)വുമൊക്കെ ഘടിപ്പിച്ച, ബാറ്ററിയിൽ ഓടുന്ന രണ്ടു ബസ്സുകളാണു ലിയോൺ നിരത്തുകളിൽ എത്തുക. 15 യാത്രക്കാരെ കയറ്റാവുന്ന ബസ്സുകളുടെ പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്റർ വരെയാണ്. നഗരഹൃദയത്തിലൂടെയുള്ള റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിന്റെ ഓരോ ട്രിപ്പും 10 മിനിറ്റ് നീളും; അഞ്ചു സ്റ്റോപ്പുകളാണുള്ളത്. ഫ്രാൻസിലെ നവ്യ നിർമിച്ച ബസ്സുകളുടെ വില 2.25 ലക്ഷം ഡോളർ(ഏകദേശം 1.50 കോടിയോളം രൂപ) ആണ്. 2013ൽ കമ്പനി നിർമിച്ച പരീക്ഷണ മാതൃകയുടെ വികസിത രൂപമാണ് ഇപ്പോൾ നിരത്തിലെത്തന്നത്. ലിയോണിനു പുറമെ മറ്റു ഫ്രഞ്ച് നഗരങ്ങളിലും സ്വിറ്റ്സർലൻഡിലെ സിയോണിലും ഈ ബസ്സുകൾ നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു; എന്നാൽ അന്നൊക്കെ യാത്രക്കാരില്ലാതെയായിരുന്നു സർവീസ് എന്ന വ്യത്യാസമുണ്ട്. യൂറോപ്യൻ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായി മറ്റുകമ്പനികൾ നിർമിച്ച ഡ്രൈവർ ഇല്ലാത്ത ബസ്സുകൾ പശ്ചിമ ഫ്രാൻസിലെ ലാ റോഷെൽ നഗരത്തിലും സർവീസ് നടത്തിയിരുന്നു.

ഫ്രഞ്ച് ഗ്രൂപ്പായ ഈസി മൈലും ദുബായ് ആസ്ഥാനമായ ഓമ്നിക്സും ചേർന്നാണു ബസ് വികസിപ്പിച്ചത്. വൈദ്യുത മോട്ടോറിൽ നിന്ന് ഊർജം കണ്ടെത്തുന്ന ബസ്സിന്റെ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണ്.
വാഹനത്തിലെ അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ പരിസ്ഥിതിക്ക് അനുസൃതമായി വേഗം ക്രമീകരിക്കാൻ ഈ ബസ്സിനു കഴിയുമെന്നാണു കമ്പനികളുടെ അവകാശവാദം. കാൽനടയാത്രക്കാർ കുറുകെ കടന്നാൽ ബസ് സ്വയം നിൽക്കുമെന്നും അവർ വ്യക്തമാക്കി. ഡ്രൈവർ ഇല്ലാത്ത ബസ്സിനെ ദുബായിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുള്ള സർവീസിനു നിയോഗിക്കാനാണു നീക്കം.

ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് ഓപ്പറ, സൂക്ക് അൽ ബഹാർ ഷോപ്പിങ് സെന്റർ എന്നിവയെ ബന്ധിപ്പിച്ചാവും ബസിന്റെ സർവീസെന്നു റോഡ് ട്രാൻസ്പോർട് അതോറിട്ടി(ആർ ടി എ) സൂചിപ്പിച്ചു. ഇത്തരത്തിലുള്ള ബസ്സുകളെ ദുബായിയുടെ ഗതാഗത ശൃംഖലയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പാണു കഴിഞ്ഞ ദിവസത്തെ പരീക്ഷണ ഓട്ടമെന്ന് ആർ ടി എ ഉദ്യോഗസ്ഥനായ അഹമ്മദ് ബഹ്റോസ്യാൻ അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്ക് ദുബായിലെ മൊത്തം വാഹനങ്ങളിൽ 25% സ്വയം ഓടുന്നവയാകുമെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തയാർ വെളിപ്പെടുത്തി.