ഇന്ത്യയിൽ സൂപ്പർ ബൈക്ക് നിർമാണ സാധ്യത തേടി ഡി എസ് കെ

ദക്ഷിണ കൊറിയൻ പങ്കാളിയായ ഹ്യോസങ്ങിന്റെ ശ്രേണിയിലെ സൂപ്പർ ബൈക്കുകൾ പ്രാദേശികമായി നിർമിക്കാൻ പുണെ ആസ്ഥാനമായ ഡി എസ് കെ മോട്ടോവീൽസ് ചർച്ച തുടങ്ങി. നിലവിൽ ഹ്യോസങ്ങിൽ നിന്നുള്ള അഞ്ചു ബൈക്കുകളാണു ഡി എസ് കെ നിലവിൽ വിൽക്കുന്നത്; 250 സി സി മുതൽ 700 സി സി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് 2.84 ലക്ഷം മുതൽ 5.99 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിലെ വില.

ബൈക്കുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നതിനെപ്പറ്റി ഹ്യോസങ്ങുമായി ചർച്ച തുടങ്ങിയെന്നു ഡി എസ് കെ മോട്ടോ വീൽസ് ചെയർമാൻ ശിരിഷ് കുൽക്കർണി വെളിപ്പെടുത്തി. വർഷാവസാനത്തോടെ ഇക്കാര്യത്തിൽ ധാരണയിലെത്തി പദ്ധതി തയാറായാൽ തന്നെ നിർമാണം തുടങ്ങാൻ 18 മാസം കൂടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഹ്യോസങ്ങിൽ നിന്നുള്ള ബൈക്കുകൾ നോക്ക്ഡ് ഡൗൺ(സി കെ ഡി) അവസ്ഥയിലാണ് ഇന്ത്യയിലെത്തിക്കുന്നത്. തുടർന്ന് ഈ സി കെ ഡി കിറ്റുകൾ പുണെയ്ക്കടുത്ത് വായ്യിലുള്ള ശാലയിൽ അസംബ്ൾ ചെയ്താണു ഡി എസ് കെ മോട്ടോ വീൽസ് വിൽപ്പനയ്ക്കെത്തിക്കുന്നത്.

ഇതിനു പകരം ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുള്ള നിർദേശമാണു ഹ്യോസങ്ങുമായി ചർച്ച ചെയ്യുന്നതെന്നു കുൽക്കർണി വിശദീകരിച്ചു. ഇന്ത്യയിൽ ബൈക്ക് നിർമാണം തുടങ്ങുമ്പോൾ ആവശ്യമുള്ള യന്ത്രഘടകങ്ങളിൽ 75 — 80% പ്രാദേശികമായി സമാഹരിക്കാനാണു ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

ഹ്യോസങ്ങിനു പുറമെ ഇറ്റലിയിലെ ബെനെല്ലിയുമായും സഹകരിക്കുന്ന ഡി എസ് കെ മോട്ടോ വീൽസ് പുണെയ്ക്കടുത്ത് തലേഗാവിൽ 350 കോടി രൂപ ചെലവിൽ പുതിയ നിർമാണശാലയും സ്ഥാപിക്കുന്നുണ്ട്. പ്രതിവർഷം 50,000 യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള പുതിയ ശാല പ്രവർത്തനക്ഷമമാവുന്നതോടെ ഹ്യോസങ് ശ്രേണിയുടെ നിർമാണം ഇവിടേക്കു മാറ്റാനാണു ഡി എസ് കെ മോട്ടോ വീൽസിന്റെ ആലോചന. വായ്യിലെ നിലവിലുള്ള ശാലയിൽ ബെനെല്ലി ശ്രേണിയുടെ ഉൽപ്പാദനം തുടരുകയും ചെയ്യും. പ്രാദേശിക നിർമാണത്തിനുള്ള സാധ്യയെപ്പറ്റി ബെനെല്ലിയുമായും ചർച്ച നടത്തിയതായി കുൽക്കർണി വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ഇതേപ്പറ്റി ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്നാണു ബെനെല്ലിയുടെ നിലപാട്.

ഇക്കൊല്ലം ആദ്യമാണു ഡി എസ് കെ മോട്ടോ വീൽസ് ബെനെല്ലി ബൈക്കുകളുടെ വിൽപ്പന തുടങ്ങിയത്; ആദ്യ വർഷം 3,000 യൂണിറ്റ് വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇതോടൊപ്പം ഇക്കൊല്ലം 2,500 ഹ്യോസങ് ബൈക്കുകളുടെ വിൽപ്പനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇരു ബ്രാൻഡുകളിലുമായി 5,500 ബൈക്കുകൾ വിൽക്കാനാവുമെന്നാണു പ്രതീക്ഷയെന്നു കുൽക്കർണി അറിയിച്ചു. ഇന്ത്യയിൽ ഇറക്കുമതി ചെയ്ത സൂപ്പർ ബൈക്കുകളുടെ വാർഷിക വിൽപ്പന 15,000 — 20,000 യൂണിറ്റാണെന്നാണു കണക്ക്.

ബെനെല്ലി, ഹ്യോസങ് സൂപ്പർ ബൈക്കുകൾ വ്യത്യസ്ത ഷോറൂമുകൾ വഴിയാണു ഡി എസ് കെ മോട്ടോ വീൽസ് വിൽക്കുന്നത്. ബെനെല്ലി ശ്രേണിയുടെ ഉത്തരേന്ത്യയിലെ ആദ്യ ഡീലർഷിപ് കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു.