ഇന്ത്യയിൽ ചെറു ബൈക്ക് നിർമിക്കാനില്ലെന്നു ഡ്യുകാറ്റി

Ducati Scrambler

ഇന്ത്യയിൽ ചെറു മോട്ടോർ സൈക്കിളുകൾ നിർമിക്കാൻ പദ്ധതിയില്ലെന്ന് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി. ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളുമായി പങ്കാളിത്തത്തിനോ എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ ഉൽപ്പാദിപ്പിക്കാനോ പരിപാടിയില്ലെന്നാണു കമ്പനി വ്യക്തമാക്കിയത്. ആഗോള വിപണികൾ ലക്ഷ്യമിട്ട് എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ നിർമിക്കാൻ ഡ്യൂകാറ്റി പ്രാദേശിക കമ്പനികളുമായ സഖ്യത്തിനുള്ള സാധ്യത തേടുന്നതായി വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഈ വിശദീകറണം. ഹീറോ മോട്ടോ കോർപ്, റോയൽ എൻഫീൽഡ് തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കളെയാണു ഡ്യുകാറ്റി പങ്കാളിയായി പരിഗണിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്ന നിലപാടിലാണു ഡ്യുകാറ്റി.

അതേസമയം ഇക്കൊല്ലം ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ഡ്യുകാറ്റി വ്യക്തമാക്കി. 2016ലെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 18% വളർച്ച നേടാനും ഡ്യുകാറ്റി ഇന്ത്യയ്ക്കു കഴിഞ്ഞു; ഇതുവരെയുള്ള മൊത്തം വിൽപ്പന 1,000 യൂണിറ്റ് പിന്നിട്ടതും കമ്പനിയെ ആഹ്ലാദിപ്പിക്കുന്നുണ്ട്. 2016ൽ 580 യൂണിറ്റ് വിൽപ്പനയാണു ഡ്യുകാറ്റി ഇന്ത്യ കൈവരിച്ചത്. ബെംഗളൂരുവും പുണെയും അഹമ്മദബാദുമടക്കം അഞ്ചു പുതിയ ഡീലർഷിപ്പുകൾ തുറക്കാനും കഴിഞ്ഞ വർഷം കമ്പനിക്കു കഴിഞ്ഞു. ഒപ്പം ‘എക്സ് ഡയാവെൽ’, ‘മൾട്ടി സ്ട്രാഡ 1200 എൻഡ്യൂറൊ’, ഹൈപ്പർ സ്ട്രാഡ 939’, ‘ഹൈപ്പർ മോട്റാഡ് 939’ എന്നീ മോഡലുകൾ ഡ്യുകാറ്റി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ആഗോളതലത്തിൽ 55,451 യൂണിറ്റിന്റെ വിൽപ്പനയാണ് 2016ൽ ഡ്യുകാറ്റി സ്വന്തമാക്കിയത്. 2015ലെ വിൽപ്പനയായ 54,809 യൂണിറ്റിനെ അപേക്ഷിച്ച് 1.2% അധികമാണിത്.