പുണെയിൽ ഡ്യുകാറ്റിയുടെ പുതിയ ഷോറൂം

Ducati Panigale R

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഡ്യുകാറ്റി പുണെയിൽ രാജ്യത്തെ അഞ്ചാമതു ഷോറൂം തുറന്നു. നഗരഹൃദയത്തിലെ ബോട്ട് ക്ലബ് റോഡിൽ ആരംഭിച്ച ഡീലർഷിപ്പിന്റെ അണിയറയിലുള്ളത് ബവാരിയ മോട്ടോഴ്സ് ആണ്. ഷോറൂമിനൊപ്പം വിപുലമായ വിൽപ്പനാന്തര സേവന സൗകര്യവും ഡ്യുകാറ്റി പുണെയിൽ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തോടെ ഇന്ത്യയിൽ തിരിച്ചെത്തിയ ഡ്യുകാറ്റിക്കു നിലവിൽ ഡൽഹിയിലും മുംബൈയിലും ഗുഡ്ഗാവിലും ബെംഗളൂരുവിലുമാണു ഡീലർഷിപ്പുകളുള്ളത്. ക്രമേണ രാജ്യത്തു പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഡ്യുകാറ്റി പ്രഖ്യാപിച്ചിരുന്നു. ഡ്യുകാറ്റി ഇന്ത്യയിൽ അവതരിപ്പിച്ച സമ്പൂർണ ശ്രേണിയാണു പുണെ ഷോറൂമിൽ അണിനിരക്കുന്നത്. ‘സ്ക്രാംബ്ലർ’, ‘മോൺസ്റ്റർ’, ‘പനിഗേൽ’, ‘ഡയവെൽ’, ‘മൾട്ടിസ്ട്രാഡ’, ‘ഹൈപൊമോട്ടാഡ്’ മോഡലുകളെല്ലാം ഷോറൂമിൽ ഇടം പിടിക്കുന്നു.

Ducati 959 Panigale

ഒപ്പം കഴിഞ്ഞ മാസം നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച പുത്തൻ മോഡലായ ‘959 പനിഗേൽ’ സൂപ്പർ ബൈക്കും പുണെയിലെ ഷോറൂമിലുണ്ട്; മിക്കവാറും ഈ വർഷം അവസാനത്തോടെ മാത്രമാവും ഈ ബൈക്ക് വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുക. 6.83 ലക്ഷം രൂപ മുതൽ വില മതിക്കുന്ന ബൈക്കുകളാണു ഡ്യുകാറ്റി പുണെ ഷോറൂമിൽ അണിനിരത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മോട്ടോർ സൈക്കിൾ പ്രേമികളാണു പുണെയിലും സമീപ നഗരങ്ങളിലുമുള്ളതെന്നും ഇവർക്ക് യഥാർഥ ഡ്യുകാറ്റി അനുഭൂതി പ്രദാനം ചെയ്യാനാണു പുതിയ ഷോറൂമിലൂടെ കമ്പനി ആഗ്രഹിക്കുന്നതെന്നും ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലൂർ വെളിപ്പെടുത്തി. വിദഗ്ധരായ ടെക്നീഷ്യൻമാർക്കൊപ്പം മോട്ടോർ സൈക്കിളുകളുടെ പരിപാലനത്തിനും സർവീസിങ്ങിനുമുള്ള അത്യാധുനിക ഉപകരണങ്ങളും പുതിയ ഷോറൂമിൽ ഡ്യുകാറ്റി സജ്ജീകരിച്ചിട്ടുണ്ട്.