ഡ്യുകാറ്റി ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’ ഇന്ത്യയില്‍

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയിൽ നിന്നുള്ള ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 7.90 ലക്ഷം രൂപയാണു ബൈക്കിനു ബെംഗളൂരുവിലെ ഷോറൂമിൽ വില. മുംബൈയ്ക്കും ഡൽഹിക്കും പിന്നാലെ ബെംഗളൂരുവിലും ഷോറൂം ആരംഭിച്ചതു പ്രമാണിച്ചാണു ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യുടെ അവതരണം. ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ഉപസ്ഥാപനമാണ് ഡ്യുകാറ്റി ഇപ്പോൾ.

ഓൺ റോഡ്, ഓഫ് റോഡ് സാഹചര്യങ്ങൾ ഒരേപോലെ നേരിടാനുള്ള മികവാണ് ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യുടെ പ്രധാന സവിശേഷതയായി ഡ്യുകാറ്റി അവതരിപ്പിക്കുന്നത്. പൂർണതോതിലുള്ള ഓഫ് റോഡർ അല്ലെങ്കിലും കഠിന സാഹചര്യങ്ങളെ അനായാസം അതിജീവിക്കാൻ ബൈക്കിനു കഴിയുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.‌‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യ്ക്കു കരുത്തേകുന്നത് ഡെസ്മോഡ്രോണിക് ഡിസ്ട്രിബ്യൂഷനും ഓരോ സിലിണ്ടറിലും രണ്ടു വാൽവ് വീതവുമുള്ള 803 സി സി, എൽ ട്വിൻ, എയർ കൂൾഡ് എൻജിനാണ്. 8250 ആർ പി എമ്മിൽ പരമാവധി 75 ബി എച്ച് പിയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്; ഇന്ത്യയിൽ വിൽക്കുന്ന പല ഹാച്ച്ബാക്കുകളും സൃഷ്ടിക്കുന്ന പരമാവധി കരുത്തും ഇത്രയൊക്കെ തന്നെ. 68 എൻ എമ്മാണ് ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യിലെ എൻജിന്റെ പരമാവധി ടോർക്ക്. ആറു സ്പീഡാണു ഗീയർബോക്സ്.

വനങ്ങളുടെ ഹരിതാഭയെ അനുസ്മരിപ്പിക്കുന്ന വർണപ്പകിട്ടോടെ എത്തുന്ന ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യിൽ എൽ ഇ ഡി റിങ് സഹിതം വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റാണുള്ളത്. ‘സ്കാംബ്ലറി’നെ അപേക്ഷിച്ച് ഉയരത്തിലുള്ള മുൻ മഡ് ഗാഡും ബൈക്കിനു വേറിട്ട രൂപഭംഗി പകരുന്നു. ഫോർക്ക് പ്രൊട്ടക്റ്റർ, കണ്ണീർത്തുള്ളിയുടെ ആകൃതിയുള്ള സ്റ്റീൽ ഇന്ധന ടാങ്ക്, റിബ്വ്ഡ് സീറ്റ് എന്നിവയും ‘സ്ക്രാംബ്ലർ അർബൻ എൻഡ്യൂറൊ’യിലുണ്ട്. ‘സ്ക്രാംബ്ലറി’നെ പോലെ ട്വിൻ സ്പെയർ സ്റ്റീൽ ട്രെല്ലിസ് ശൈലിയിൽ നിർമിക്കുന്നതിനാൽ ‘എൻഡ്യൂറോ’യ്ക്കും കാര്യമായ ഭാരക്കുറവുണ്ട്. മുന്നിൽ കയാബ ഇൻവെർട്ടഡ് ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഓഫ് സെറ്റ് മോണോഷോക് സസ്പെൻഷനുമാണ് സസ്പെൻഷൻ. പിരേലി ഡ്യുവൽ സ്പോർട് ടയറുമായി എത്തുന്ന ബൈക്കിൽ സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കുകളുമുണ്ട്.