വൻ വിലക്കുറവുമായി റെനോ ലോജി

ഇന്ത്യൻ വിപണിയിൽ അഭിമുഖീകരിക്കുന്ന കടുത്ത മത്സരം മുൻനിർത്തി വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യുടെ വില കുറയ്ക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ തീരുമാനിച്ചു. മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന മാരുതി സുസുക്കി ‘എർട്ടിഗ’യ്ക്കു പുറമെ ഹോണ്ട ‘ബി ആർ വി’, മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയവയുമൊക്കെ വെല്ലുവിളി സൃഷ്ടിച്ചതോടെയാണു റെനോ ‘ലോജി’യെ രക്ഷിക്കാൻ കടുത്ത നടപടികളിലേക്കു നീങ്ങിയതെന്നാണു സൂചന. ‘ലോജി’യെ ആകർഷകമാക്കാൻ വിലയിൽ ഒരു ലക്ഷത്തോളം രൂപയുടെ ഇളവാണു റെനോ അനുവദിച്ചിരിക്കുന്നത്. ഇതോടെ 83 ബി എച്ച് പി എൻജിനുമായെത്തുന്ന ‘ലോജി’യുടെ അടിസ്ഥാന മോഡലിന്റെ ഡൽഹിയിലെ ഷോറൂം വില 7.58 ലക്ഷം രൂപയായി; നേരത്തെ ഈ മോഡലിന് 8.56 ലക്ഷം രൂപയായിരുന്നു വില.

കഴിഞ്ഞ വർഷം ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘ലോജി’ ഏഴും എട്ടും സീറ്റുള്ള വകഭേദങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്. കടലാസിൽ ‘ലോജി’യുടെ മികവുകൾക്കു പഞ്ഞമില്ലെങ്കിലും വിൽപ്പനയിൽ ഈ നേട്ടം പ്രതിഫലിക്കാതെ പോയതാണു റെനോയെ വിഷമവൃത്തത്തിലാക്കിയത്. പോരെങ്കിൽ ‘ലോജി’യെ അപേക്ഷിച്ചു വില വളരെ കൂടുതലെങ്കിലും ടൊയോട്ട കിർലോസ്കർ മോട്ടോറിൽ നിന്നുള്ള പുതു മോഡലായ ‘ഇന്നോവ ക്രിസ്റ്റ’ ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്. നേരത്തെ സ്ഥാപനങ്ങൾക്കുള്ള മൊത്ത വിൽപ്പന പ്രോത്സാഹിപ്പിച്ചു ‘ലോജി’യെ കരകയറ്റാനും റെനോ ശ്രമിക്കുന്നുണ്ട്. പോരെങ്കിൽ സർക്കാർ വകുപ്പുകൾക്ക് ‘ലോജി’ വിൽക്കാനുള്ള അനുമതിയും റെനോ നേടിയെടുത്തിരുന്നു. ഇതോടൊപ്പം ടാക്സി മേഖലയിലെ ഫ്ളീറ്റ് ഓണർമാർക്കും ‘ലോജി’ ലഭ്യമാക്കി വാഹന വിൽപ്പന മെച്ചപ്പെടുത്താനാണു റെനോ ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി ‘ഡിസയർ ടൂർ’ പോലെ ഫ്ളീറ്റ് വിഭാഗത്തിനായി ‘ലോജി’യുടെ പ്രത്യേക പതിപ്പും റെനോ അവതരിപ്പിച്ചിരുന്നു.

ക്രമേണ ‘ലോജി’ വിൽപ്പനയുടെ പകുതിയും ഈ മേഖലയിൽ നിന്നാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇടക്കാലത്തു പ്രതിമാസം നാനൂറോളം ‘ലോജി’യാണു കമ്പനി വിറ്റിരുന്നത്. ടാക്സി വിഭാഗത്തിൽ സ്വീകാര്യത നേടുന്നതോടെ ‘ലോജി’യുടെ പ്രതിമാസ വിൽപ്പന 1,000 യൂണിറ്റ് പിന്നിടുമെന്നാണു റെനോയുടെ പ്രതീക്ഷ. 1,500 — 2,000 യൂണിറ്റ് നിലവാരത്തിൽ ‘ലോജി’യുടെ പ്രതിമാസ വിൽപ്പനയിൽ സ്ഥിരതയാർജിക്കാനാവുമെന്നും കമ്പനി കരുതുന്നു.
‘ലോജി’യുടെ അവതരണത്തിനു മുമ്പ് ഇന്ത്യയിലെ എം പി വി വിൽപ്പന 10 ശതമാനത്തിലേറെ വളർച്ച കൈവരിച്ചാണു മുന്നേറിയിരുന്നത്. പക്ഷേ റെനോ രംഗത്തെത്തിയ പിന്നാലെ ഈ മേഖലയിലെ വിൽപ്പന വളർച്ച ഇടിഞ്ഞു. ഇക്കൊല്ലത്തെ വിൽപ്പനയിലാവട്ടെ 20% വരെ കുറവുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.