25 ലക്ഷം രൂപയ്ക്ക് ആകാശത്ത് കിടന്നുറങ്ങാം

വീട്ടിലെപ്പോലെ ആകാശത്തെ കിടപ്പുമുറിയിൽ ഇനി അന്തിയുറങ്ങാം. ചെലവൽപ്പം കൂടുമെന്നു മാത്രം. മുംബൈയിൽ നിന്നു ന്യൂയോർക്ക്‌ വരെ അങ്ങനെ ഉറങ്ങിപ്പോകാൻ ചെലവാകുക 25.22 ലക്ഷം രൂപ. ഇത്തിഹാദ് എയർവേയ്സിന്റെ എയർബസ് എ 380ൽ ആണ് ദ് റസിഡൻസ് എന്നു പേരിട്ട ആഡംബര സ്വീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണ മുറി, രണ്ടു പേർക്കുള്ള കിടപ്പുമുറി, കുളിമുറി എന്നീ സൗകര്യങ്ങളുള്ളതാണ് ഈ സ്വീറ്റ്.

ഇത്തിഹാദിന്റെ, ലോകത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുള്ള ആദ്യവിമാനം കഴിഞ്ഞ ഞായറാഴ്ച അബുദാബിയിൽനിന്നു മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ ഇറങ്ങി. ആഡംബര സ്വീറ്റിൽ അബുദാബി– മുംബൈ യാത്രയ്ക്കു ചെലവ് വരിക 3.31 ലക്ഷം രൂപയാണ്. മുംബൈ– ലണ്ടൻ യാത്രയ്ക്ക് 17. 25 ലക്ഷം രൂപ.

മുംബൈയിൽ നിന്നുള്ള ഈ പ്രതിദിന സർവീസ് ലണ്ടൻ, അബുദാബി, ന്യൂയോർക്ക് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പേർക്കുള്ള ദ് റസിഡൻസ് സൗകര്യമാണ് വിമാനത്തിലുള്ളത്. ഒൻപത് ഫസ്റ്റ് അപ്പാർട്മെന്റുകൾ, 70 ബിസിനസ് സ്റ്റുഡിയോ, 415 ഇക്കോണമി സ്മാർട് സീറ്റുകൾ ഉൾപ്പെടെ 496 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന വിമാനമാണ് എ 380. യുഎഇയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ഇത്തിഹാദ്.