ഒന്നര സെക്കന്റിൽ 100 കിലോമീറ്റർ വേഗത

Grimsel, Photo Courtesy: Facebook

ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ കുതിപ്പിൽ പുതുചരിത്രം രചിച്ചു സ്വിറ്റ്സർലൻഡിലെ എൻജിനീയറിങ് വിദ്യാർഥികൾ. 1.513 സെക്കൻഡിനകം മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിച്ചാണു വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ‘ഗ്രിംസെൽ’ വൈദ്യുത റേസിങ് കാർ പുതിയ റെക്കോഡ് സൃഷ്ടിച്ചത്. സൂറിച്ചിനടുത്തുള്ള ഡുബെൻഡോഫ് വ്യോമത്താവളത്തിലെ ട്രാക്കിൽ 30 മീറ്റർ ഓടിയതോടെയാണു ‘ഗ്രിംസെൽ’ റെക്കോഡിലേക്കു കുതിച്ചത്. ജർമനിയിലെ സ്റ്റുട്ഗർട്ട് സർവകാശാലയിൽ നിന്നുള്ള സംഘത്തിന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്; കഴിഞ്ഞ വർഷം 1.779 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിച്ചാണ് അവർ ചരിത്രം സൃഷ്ടിച്ചത്.

Grimsel, Photo Courtesy: Facebook

സ്വിറ്റ്സർലൻഡിലെ സൂറിച്ച് ഇ ടി എച്ചിൽ നിന്നും ലുസെർൺ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ നിന്നുമുള്ള 30 വിദ്യാർഥികൾ ചേർന്ന് ഒരു വർഷം കൊണ്ടാണു ഫോർമുല സ്റ്റുഡന്റ് വൈദ്യുത കാർ വികസിപ്പിച്ചത്. ഭാരം കുറഞ്ഞ നിർമാണത്തിലും ഇലക്ട്രിക് ഡ്രൈവ് സാങ്കേതികവിദ്യയിലും പുതുചരിത്രം രചിക്കുന്ന കാർ അക്കദമിക് മോട്ടോർ സ്പോർട്സ് ക്ലസ് സൂറിച് (എ എം സെഡ്) കാഴ്ചവയ്ക്കുന്നതാവട്ടെ ഇത് അഞ്ചാം തവണയുമാണ്. കാർബൺ ഫൈബർ സാമഗ്രികൾ ഉപയോഗിച്ചു നിർമിച്ച ‘ഗ്രിംസെലി’ന് 168 കിലോഗ്രാം മാത്രമാണു ഭാരം. ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള വൈദ്യുത റേസിങ് കാറിന്റെ ഓരോ വീലിലും പ്രത്യേകമായി വികസിപ്പിച്ച ഹബ് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്; 200 എച്ച് പി കരുത്തും 1,700 എൻ എം ടോർക്കുമാണു മോട്ടോറുകൾ സൃഷ്ടിക്കുക.

ഓരോ വീലിന്റെയും പ്രകടനം സ്വതന്ത്രമായി നിയന്ത്രിക്കാൻ അത്യാധുനിക ട്രാക്ഷൻ കൺട്രോൾ സംവിധാനവും കാറിലുണ്ട്. കാറിന്റെ കുതിപ്പിനു കൂടുതൽ ഗതിവേഗം സമ്മാനിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പെട്രോളും ഡീസലും പോലുള്ള ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന, ആന്തരിക ജ്വലന എൻജിൻ ഘടിപ്പിച്ചവയടക്കം നിലവിൽ ലോകത്തുള്ള കാറുകൾക്കൊന്നും അവകാശപ്പെടാനാവാത്തെ പ്രകടനമികവാണു ‘ഗ്രിംസെൽ’ കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.