ഫെറാരി തിരിച്ചെത്തുന്നു; കാർ വില പ്രഖ്യാപിച്ചു

ആഗോളവാഹന ലോകത്തു തന്നെ പേരും പെരുമയുമേറെയുള്ള ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി ഇന്ത്യയിൽ രണ്ടാം അങ്കത്തിനൊരുങ്ങുന്നു. ഡീലർമാരുടെ പ്രവൃത്തിദോഷമായിരുന്നു കഴിഞ്ഞ തവണ ഫെറാരിയെ ഇന്ത്യയിൽ അനഭിമതരാക്കിയത്. ഈ പോരായ്മ പരിഹരിക്കാനായി മുംബൈയിൽ നവ്നീത് മോട്ടോഴ്സിനെയും ഡൽഹിയിൽ സെലക്ട് കാഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും വിപണന, വിൽപ്പന, വിൽപ്പനാന്തര സേവന ചുമതല ഏൽപ്പിച്ചാണു ഫെറാരി ഇന്ത്യയിൽ പുതിയ അധ്യായം രചിക്കാൻ തയാറെടുക്കുന്നത്.

പ്രവർത്തനം പുനഃരാരംഭിക്കുന്നതിനു മുന്നോടിയായി ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയും ഫെറാരി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെറാരി ‘488 ജി ടി ബി’, ഫെറാരി ‘458 സ്പൈഡർ’, ഫെറാരി‘458 സ്പെഷൽ’, ഫെറാരി ‘എഫ് 12 ബെർലിനെറ്റ’ എന്നിവയ്ക്കൊപ്പം എൻട്രി ലവൽ മോഡലെന്നു കമ്പനി വിശേഷിപ്പിക്കുന്ന ഫെറാരി ‘കലിഫോണിയ ടി’ കൂടി ഉൾപ്പെടുന്നതാവും ഇറ്റാലിയൻ നിർമാതാക്കളുടെ ഇന്ത്യൻ ശ്രേണി.

വിവിധ മോഡലുകളുടെ മുംബൈയിലെ ഷോറൂം വില(കോടി രൂപയിൽ) ഇപ്രകാരമാണ്:

‘കലിഫോണിയ ടി കൺവെർട്ട്ബ്ൾ’ — 3.30, ‘488 ജി ടി ബി കൂപ്പെ’ — 3.84, ‘458 സ്പൈഡർ’ — 4.07, ‘458 സ്പെഷൽ’ — 4.25, ‘എഫ് 12 ബെർലിനെറ്റ’ — 4.72.

ഫെറാരിയുടെ ‘488 ജി ടി ബി’ക്ക് ഇന്ത്യൻ വിപണി ആവേശോജ്വല വരവേൽപ് നൽകിയെന്നാണ് ഡീലർമാരുടെ അവകാശവാദം; ഇക്കൊല്ലം ഇന്ത്യയ്ക്ക് അനുവദിച്ച കാറുകൾ ഇതിനകം തന്നെ വിറ്റു പോയത്രെ. ടർബോ ചാർജ്ഡ് എൻജിൻ കരുത്തേകുന്ന ആധുനിക ഫെറാരിയായ ‘കലിഫോണിയ ടി’യോടും ഇന്ത്യക്കാർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ. മുൻതലമുറ ‘കലിഫോണിയ’യെ അപേക്ഷിച്ച് കാറിനു കാഴ്ചപ്പകിട്ടേറെയുള്ളതും ഈ താൽപര്യത്തിനു വഴിതെളിച്ചിട്ടുണ്ടത്രെ.

കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇന്ത്യൻ സൂപ്പർ കാർ വിപണി ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. ഇറ്റലിയിൽ നിന്നു തന്നെയുള്ള ലംബോർഗ്നിയും ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും ഇന്ത്യയിൽ മികച്ച വിൽപ്പനയും വളർച്ചയും നേടുന്നുമുണ്ട്. ഇങ്ങനെ സാഹചര്യം അനുകൂലമായതിനാൽ രണ്ടാം വരവിൽ ഫെറാരിക്കും ഇന്ത്യയിൽ നേട്ടം കൊയ്യാനാവുമെന്നാണു വിലയിരുത്തൽ.