ലോകത്തിലെ ഏറ്റവും വിലയുള്ള ഫെരാരി എഫ് 40

ഫെരാരിയുടെ നാൽപ്പത് വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവർ 1987 ൽ പുറത്തിറക്കിയ കൂപ്പേ സ്‌പോർട്ട്‌സ് കാറാണ് ഫെരാരി എഫ് 40. 1987 മുതൽ 1992 വരെയുള്ള കാലയളവിൽ വെറും 1311 എണ്ണം മാത്രം നിർമ്മിച്ച് ഫെരാരി, എഫ് 40 യെ താരമാക്കി മാറ്റി. ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്‌പോർട്ട്‌സ് കാർ എന്ന് വിശേഷിപ്പിക്കുന്ന എഫ് 40 റിക്കോർഡ് തുകയ്ക്കാണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്. 

ജർമ്മനിയിൽ നടന്ന ലേലത്തിൽ 1.12 ദശലക്ഷം യൂറോയ്ക്കാണ് (ഏകദേശം എട്ട് കോടി രൂപ) ഒരു ഫെരാരി ആരാധകൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവും വിലയുള്ള എഫ്40യായി മാറി ഈ കാർ. ഇറ്റലിയിലെ ഒരു കോടീശ്വര കുടുംബത്തിന്റെ സ്വത്തായിരുന്ന ഫെരാരി ഇതുവരെ 7879 കിലോമീറ്റർ മാത്രമേ ഒാടിയിട്ടുള്ളു. 

പോർഷെ 959ന്റെ പ്രധാന എതിരാളിയായിരുന്നു ഫെരാരി എഫ്40. 478 ബിഎച്ച്പി കരുത്തുള്ള വി8 സൂപ്പർചാർജ്ഡ് എഞ്ചിനുള്ള എഫ് 40 അക്കാലത്തെ ഏറ്റവും മോഡേണായ കാറായിരുന്നു. പൂജ്യത്തിൽ നിന്ന് 100 കിമി വേഗയിലെത്താൽ 3.9 സെക്കന്റും, 200 കിമി വേഗതയിലെത്താൻ 12 സെക്കന്റും മാത്രം മതി എഫ് 40ക്ക്. 323 കിമിയാണ് ഫെരാരി എഫ് 40യുടെ കൂടിയ വേഗത.