മിക്ക് ഷൂമാക്കർക്കു സ്വാഗതമോതി ഫെരാരി

Mick Schumache

ഫോർമുല വൺ റേസിങ് ഇതിഹാസമായ മൈക്കൽ ഷൂമാക്കറുടെ മകനായ മിക്ക് ഷൂമാക്കറെ വരവേൽക്കാൻ ചുവപ്പ് പരവതാനി വിരിക്കുമെന്ന് ഇറ്റാലിയൻ ടീമായ ഫെറാരി. പിതാവിന്റെ പാത പിന്തുടരാൻ മിക്കിന് ആഗ്രഹമുണ്ടെങ്കിൽ ടീമിന്റെ വാതിൽ തുറന്നു കിടപ്പുണ്ടെന്നും ഫെറാരി വ്യക്തമാക്കി. മൈക്കൽ ഷൂമാക്കർ ഒപ്പമുണ്ടായിരുന്നപ്പോൾ റേസ് ട്രാക്കിനെ അടക്കിവാണ ചരിത്രമാണു ഫെറാരിയുടേത്. 2000 മുതൽ 2004 വരെ തുടർച്ചയായ അഞ്ചു ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പാണു ഷൂമാക്കർ ഫെറാരിക്കായി നേടിക്കൊടുത്തത്. ഫോർമുല വണ്ണിൽ എത്തിപ്പിടിക്കാവുന്ന മിക്കവാറും റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ച ശേഷമായിരുന്നു മൈക്കൽ ഷൂമാക്കർ എന്ന റേസിങ് ഇതിഹാസത്തിന്റെ ആദ്യ വിടവാങ്ങൽ.

ഇക്കൊല്ലം ഫോർമുല ത്രീയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണു മിക്ക് ഷൂമാക്കർ. ജർമനിയിൽ നിന്നുള്ള മെഴ്സീഡിസ് എഫ് വൺ ടീമിനൊപ്പം ചെറിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മിക്കിന് അവസരം ഒരുങ്ങിയുരന്നു. എന്നാൽ മൈക്കൽ ഷൂമാക്കറുടെ മകനെ മറ്റാർക്കും വിട്ടുകൊടുക്കാൻ തയാറില്ലെന്ന നിലപാടിലാണു ഫെറാരി. ഭാവിയിൽ മിക്ക് എന്താവും ചെയ്യുകയെന്ന് അറിയില്ലെന്ന് ഫെറാരി ഡ്രൈവർ അക്കാദമി മേധാവി മാസിമൊ റിവോള അഭിപ്രായപ്പെട്ടിരുന്നു.

ഒപ്പം ഫെറാരിയുടെ ഡ്രൈവർ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മിക്കിന് താൽപര്യമുണ്ടെങ്കിൽ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ ഏഴു തവണ ജേതാവായി ചരിത്രം സൃഷ്ടിച്ച മൈക്കൽ ഷൂമാക്കറുടെ മകനായ മിക്ക് (17) ഫോർമുല ഫോറിൽ രണ്ടു സീസൺ മത്സരിച്ചിരുന്നു. ഈ സീസണിൽ യൂറോപ്യൻ ഫോർമുല ത്രീ ചാംപ്യൻഷിപ്പിൽ പ്രീമയ്ക്കു വേണ്ടായാവും ഷൂമാക്കർ ജൂനിയർ ട്രാക്കിലിറങ്ങുക.