അബാർത്ത് ‘പുന്തൊ’യും ‘അവഞ്ചുറ’യും; വില 9.95 ലക്ഷം

Fiat Abarth Punto

റേസ് ട്രാക്കിൽ നിന്നു പ്രചോദിതമായതും പ്രകടനക്ഷമതയേറിയതുമായ ‘അബാർത്ത്’ ശ്രേണി ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ പുറത്തിറക്കി. ഹാച്ച്ബാക്കായ ‘അബാർത്ത് പുന്തൊ’യ്ക്ക് 9.95 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.

കാറിലെ 1.4 ലീറ്റർ, ടി ജെറ്റ് അബാർത്ത് പെട്രോൾ എൻജിന് പരമാവധി 145 ബി എച്ച് പി കരുത്തും 210 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വെറും 8.8 സെക്കൻഡ് മതിയെന്നാണ് എഫ് സി എ ഇന്ത്യയുടെ കണക്ക്.

ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ പരിഗണിച്ചു കടുപ്പമുള്ള സസ്പെൻഷനോടെ എത്തുന്ന ‘പുന്തൊ അബാർത്തി’ന്റെ റൈഡ് ഹൈറ്റിൽ 20 എം എമ്മിന്റെ കുറവും എഫ് സി എ വരുത്തിയിട്ടുണ്ട്. ബ്രേക്കിങ് കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട നിയന്ത്രണത്തിനുമായി എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് സഹിതം എത്തുന്ന കാറിന് വീതിയേറിയ 195/55 ആർ 16 ടയറുകളും അതിനു ചുറ്റും 16 ഇഞ്ച് ‘സ്കോർപിയൊ’ അലോയ് വീലുകളുമാണ് എഫ് സി എ ലഭ്യമാക്കുന്നത്. അകത്തളത്തിൽ ‘പുന്തൊ ഇവൊ 90 ബി എച്ച് പി’യിലെ ബ്ലാക്ക് തീം പിന്തുടരുന്ന കാറിൽ പക്ഷേ ചുവപ്പ് — മഞ്ഞ കോൺസ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ വ്യത്യസ്ത സീറ്റ് ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

Fiat Abarth Avventura

ഇതൊടൊപ്പം അബാർത്തിന്റെ കരുത്തുള്ള ‘അവഞ്ചുറ’യും എഫ് സി എ ഇന്ത്യ വിപണിയിലിറക്കി. 1.4 ലീറ്റർ, നാലു സിലിണ്ടർ, ടി ജെറ്റ് എൻജിനുമായെത്തുന്ന കാറിന് 9.95 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറും വില. പരമാവധി 140 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക; 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വേണ്ടതാവട്ടെ 9.9 സെക്കൻഡ് സമയവും.

നവരാത്രി, ദീപാവലി ഉത്സവാഘോഷക്കാലത്തെ സാധ്യതകൾ മുതലെടുക്കാൻ ലക്ഷ്യമിട്ടാണ് എഫ് സി എ ഇന്ത്യ ‘അബാർത്ത്’ കരുത്തുള്ള പുതുമോഡലുകൾ പുറത്തിറക്കിയത്. അബാർത്ത് കരുത്തുമായെത്തുന്ന ‘അവഞ്ചുറ’ രാജ്യത്തെ ഏറ്റവും വേഗമേറിയ ക്രോസോവറാകുമെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. തന്ത്രപ്രധാന വിപണിയായ ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള മോഡലുകളും മികച്ച സേവനവും ഉറപ്പാക്കാൻ എഫ് സി എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.