‘അബാർത്ത് പുന്തൊ ഇവോ’ ബുക്കിങ്ങിനു തുടക്കം

അബാർത്ത് പുന്തൊ ഇവോ

അടുത്ത മാസം നിരത്തിലെത്തുമെന്നു കരുതുന്ന ‘അബാർത്ത് പുന്തൊ ഇവോ’യ്ക്കുള്ള ബുക്കിങ് ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബൈൽസ് ഇന്ത്യ സ്വീകരിച്ചു തുടങ്ങി. അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണ് ഇതുവരെ വില പ്രഖ്യാപിക്കാത്ത കാറിനുള്ള ബുക്കിങ്ങുകൾ രാജ്യമെങ്ങുമുള്ള ഷോറൂമുകളിൽ എഫ് സി എ ഇന്ത്യ സ്വീകരിക്കുന്നത്.

‘അബാർത്ത് പുന്തൊ’യെ സാധാരണ ‘പുന്തൊ ഇവോ’യിൽ നിന്നു വ്യത്യസ്തമാക്കാൻ പുത്തൻ അലോയ് വീലിനും വേറിട്ട വർണ സങ്കലനങ്ങൾക്കുമൊപ്പം കാറിനു ചുറ്റും ‘അബാർത്ത്’ ബാഡ്ജുകളും ഫിയറ്റ് ലഭ്യമാക്കുന്നുണ്ട്. അതേസമയം അകത്തളത്തിൽ സാധാരണ ‘പുന്തൊ ഇവോ’യും ‘അബാർത്ത് പുന്തൊ’യുമായി കാര്യമായ മാറ്റം പ്രതീക്ഷിക്കാനില്ല. എങ്കിലും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെയുള്ള പുത്തൻ അപ്ഹോൾസ്ട്രി, ലൈറ്റ് വെയ്റ്റ് റേസിങ് പെഡൽ, സ്റ്റീയറിങ് വീലിൽ അബാർത്ത് ബാഡ്ജ്, അബാർത്ത് സ്കഫ് പ്ലേറ്റ് എന്നിവ ‘അബാർത്ത് പുന്തൊ’യിലുണ്ട്.

അതേസമയം കാറിന്റെ പവർട്രെയ്നിലാണ് ‘അബാർത്ത് പുന്തൊ’യും ‘പുന്തൊ ഇവോ’യുമായുള്ള പ്രധാന വ്യത്യാസം: ഈ കാറിലെ 1.4 ലീറ്റർ, ടി ജെറ്റ്, ടർബോ ചാർജ്ഡ് എൻജിന് പരമാവധി 145 ബി എച്ച് പി കരുത്തു സൃഷ്ടിക്കാനാവും. ഫ്രണ്ട് വീൽ ഡ്രൈവും അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുമുള്ള ‘അബാർത്ത് പുന്തൊ’യുടെ വില 10 ലക്ഷം രൂപയിൽ താഴെയാവുമെന്നാണു പ്രതീക്ഷ.