ഉത്സവാഘോഷം: ഇളവുകളുമായി ഫിയറ്റ് ക്രൈസ്​ലർ ഇന്ത്യയും

നവരാത്രി, ദീപാവലി ആഘോഷം അവിസ്മരണീയമാക്കാൻ ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബൈൽസ്(എഫ് സി എ) ഇന്ത്യ ഒരുങ്ങി. ഉത്സവവേളയിൽ മികച്ച വിൽപ്പന ലക്ഷ്യമിട്ട് ഇന്ത്യൻ മോഡൽ ശ്രേണിക്ക് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളുമാണു കമ്പനിയുടെ വാഗ്ദാനം. ‘അവഞ്ചുറ’, ‘ലീനിയ ക്ലാസിക്’, ‘ലീനിയ എഫ് എൽ’, ‘പുന്തൊ ഇവൊ’ തുടങ്ങിയ മോഡലുകൾക്ക് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണു വാഗ്ദാനം; ഒപ്പം ഇരട്ടി കാഷ് ഓഫറും എഫ് സി എ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

‘അവഞ്ചുറ’യ്ക്ക് 80,000 രൂപയുടെയും ‘ലീനിയ ക്ലാസിക്കി’ന് 40,000 രൂപയുടെയും ‘പുന്തൊ ഇവൊ’യ്ക്ക് 70,000 രൂപയുടെയും ഉത്സവകാല ആനുകൂല്യങ്ങളാണു പ്രാബല്യത്തിലുള്ളത്. ‘ലീനിയ എഫ് എല്ലി’ന് 1.10 ലക്ഷം രൂപ വരെയുള്ള ഇളവുകളാണു വാഗ്ദാനം. ഇതിനു പുറമെ തിരഞ്ഞെടുത്ത കാറുകൾക്ക് ‘ഡബിൾ ധമാക്ക’യും പ്രാബല്യത്തിലുണ്ട്.

അബാർത്ത്, ആൽഫ റോമിയൊ, ക്രൈസ്​ലർ, ഡോഡ്ജ്, ഫിയറ്റ്, ഫിയറ്റ് പ്രഫഷനൽ, ജീപ്പ്, ലാൻസ്യ, റാം, എസ് ആർ ടി എന്നിവയ്ക്കൊപ്പം ആഡംബര വിഭാഗത്തിൽ ഫെറാരി, മസെരാട്ടി ബ്രാൻഡുകളിലുമുള്ള വാഹനങ്ങളുടെ നിർമാതാക്കളാണ് എഫ് സി എ. നാൽപതോളം കേന്ദ്രങ്ങളിൽ നിർമാണ സൗകര്യങ്ങളുള്ള കമ്പനിയുടെ വാഹനങ്ങൾ നൂറ്റി അൻപതിലേറെ രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.

ഉത്സവകാലം പ്രമാണിച്ചു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സണും നേരത്തെ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ‘ഗോ’യിലും ‘ഗോ പ്ലസി’ലും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയതിനൊപ്പം ആകർഷക വിലക്കിഴിവും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവകാലം പ്രമാണിച്ച് ‘ഗോ’, ‘ഗോ പ്ലസ്’ വകഭേദങ്ങളുടെ പുതുക്കിയ ഷോറും വില(ലക്ഷം രൂപയിൽ) ഇപ്രകാരമാണ്:

‘ഗോ’: ഡി — 3.23, എ — 3.49, എ ഇ പി എസ് — 3.64, എൻ എക്സ് ടി — 3.89, ടി — 3.84, ടി (ഒ) — 4.04.

‘ഗോ പ്ലസ്’: ഡി — 3.79, എ — 3.99, എ ഇ പി എസ് — 4.25, ടി — 4.56, ടി (ഒ) — 4.76.

ആദ്യ വർഷം സൗജന്യ ഇൻഷുറൻസിനൊപ്പം പ്രതിവർഷം 8.99% പലിശ നിരക്കിൽ വാഹന വായ്പയും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം 31നകം ‘ഗോ പ്ലസ്’ ബുക്ക് ചെയ്യുന്നവർക്ക് മൊത്തം കാൽ ലക്ഷത്തോളം രൂപയുടെ ഇളവുകളാണു കമ്പനി ലഭ്യമാക്കുക; ‘ഗോ’യിലെ ഇളവുകളാവട്ടെ 22,000 രൂപയുടേതാണ്. കൂടാതെ ‘ഗോ’യുടെ ‘എ’ വകഭേദത്തിൽ പവർ സ്റ്റീയറിങ്ങും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്.