യമഹയുടെ ആദ്യ തലമുറ ‘ആർ വൺ ഫൈവ്’ തിരിച്ചെത്തുന്നു

പ്രകടനക്ഷമതയേറിയ ബൈക്കുകൾക്കു പുതിയ വിലാസം സമ്മാനിച്ച ‘വൈ സെഡ് എഫ് ആർ വൺ ഫൈവി’ന്റെ പുത്തൻ വകഭേദം ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ പുറത്തിറക്കി. ‘വൈ സെഡ് എഫ് ആർ വൺ ഫൈവ് എസ്’ എന്നു പേരിട്ട, ഒറ്റ സീറ്റുള്ള ബൈക്കിന് 1.14 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില. ഒരർഥത്തിൽ ‘ആർ വൺ ഫൈവി’ന്റെ ആദ്യതലമുറ മോഡലാണ് ‘ആർ വൺ ഫൈവ് എസ്’ എന്ന പേരിൽ ഇപ്പോൾ മടങ്ങിയെത്തുന്നത്.

ഉപയോക്താക്കളുടെ പ്രതികരണം പരിഗണിച്ചാണ് ഒറ്റ സീറ്റുള്ള ‘ആർ വൺ ഫൈവ്’ അവതരിപ്പിക്കുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ വിശദീകരിച്ചു. സ്പോർട്സ് ബൈക്കിനു സമാനമായ കരുത്തും പ്രകടനക്ഷമതയുമൊക്കെ കാഴ്ചവയ്ക്കുംവിധത്തിലാണ് ‘ആർ വൺ ഫൈവി’ന്റെ രൂപകൽപ്പനയും നിർമാണവും. എന്നാൽ ഈ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും പിൻ സീറ്റ് യാത്രികരുടെ സൗകര്യാർഥം ഒരുമിച്ചുള്ള സീറ്റാണു പഥ്യമെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ‘ആർ വൺ ഫൈവ് എസ്’ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സിംഗിൾ സീറ്റിനൊപ്പം നൂതന ഗ്രാഫിക്സ് സഹിതമാണ് ‘ആർ വൺ ഫൈവ് എസി’ന്റെ വരവ്.

അതേസമയം പുതിയ മോഡൽ വന്നശേഷവും വിഭജിച്ച സീറ്റുള്ള ‘ആർ വൺ ഫൈവ്’ വിൽപ്പന തുടരുമെന്നു യമഹ വ്യക്തമാക്കിയിട്ടുണ്ട്. ‘ആർ വൺ ഫൈവ്’ പരിഷ്കരിച്ച് ‘2.0’ എന്ന രണ്ടാം തലമുറ മോഡൽ സാക്ഷാത്കരിച്ചതോടെയാണ് സിംഗിൾ സീറ്റ്, തട്ടുതട്ടായും രണ്ടു ഭാഗമായുമുള്ള സീറ്റിനു വഴിമാറിയത്.