ചെന്നൈയിൽ ഫോഴ്സ് മോട്ടോഴ്സിന് എൻജിൻ നിർമാണശാല

ബി എം ഡബ്ല്യുവിന് എൻജിനുകൾ നിർമിച്ചു നൽകാൻ പുണെ ആസ്ഥാനമായ ഫോഴ്സ് മോട്ടോഴ്സ് ചെന്നൈയ്ക്കടുത്തു സ്ഥാപിച്ച ഫാക്ടറി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഘന വ്യവസായ മന്ത്രി ആനന്ദ് ഗീഥെ ഉദ്ഘാടനം നിർവഹിച്ച ശാല കഴിഞ്ഞ ജനുവരിയിൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതുവരെ മൂവായിരത്തോളം എൻജിനുകൾ ശാല ബി എം ഡബ്ല്യുവിനു നിർമിച്ചു നൽകിയതായും ഫോഴ്സ് മോട്ടോഴ്സ് അറിയിച്ചു.

ചെന്നൈയിൽ നിന്ന് 55 കിലോമീറ്ററകലെ സിംഗപെരുമാൾകോവിലിലെ മഹീന്ദ്ര വേൾഡ് സിറ്റിയിൽ 200 കോടി രൂപ ചെലവിലാണു ഫോഴ്സ് പുതിയ നിർമാണശാല സ്ഥാപിച്ചത്. എൻജിനുകളുടെ അസംബ്ലിങ്ങിനും വിലയിരുത്തലിനുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് അനുവദിക്കുന്ന ആദ്യ സ്വതന്ത്ര പ്ലാന്റ് എന്ന പെരുമയും ഈ ശാലയ്ക്കുണ്ട്.

പുതിയ ശാലയ്ക്കായി 200 കോടി രൂപയാണു മുടക്കിയതെന്നും വർഷം തോറും പ്രീമിയം വിഭാഗത്തിൽപെട്ട 20,000 എൻജിനുകൾ നിർമിക്കാൻ ശാലയ്ക്കാവുമെന്നും ഫോഴ്സ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ പ്രസൻ ഫിറോദിയ അറിയിച്ചു. ഭാവിയിൽ വാർഷിക ഉൽപ്പാദനശേഷി അര ലക്ഷം എൻജിൻ വരെയായി വർധിപ്പിക്കാവുന്ന തരത്തിലാണു ശാലയുടെ രൂപകൽപ്പന. പുതിയ ശാല പ്രവർത്തനം തുടങ്ങിയതോടെ മൂന്നു വർഷത്തിനുള്ളിൽ വരുമാനം നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയർത്തി 3,000 കോടി രൂപയിലെത്തിക്കാനവുമെന്നും ഫോഴ്സ് മോട്ടോഴ്സ് കണക്കുകൂട്ടുന്നു.

ബി എം ഡബ്ല്യു, ജോൺ ഡീയർ തുടങ്ങിയ വാഹന നിർമാതാക്കൾക്ക് എൻജിൻ ലഭ്യമാക്കുന്നതിനൊപ്പം ഫോഴ്സ് മോട്ടോഴ്സ് സ്വന്തമായും വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇരുവിഭാഗം പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനമാണ് 3,000 കോടിയിലെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നതെന്നു ഫിറോദിയ വിശദീകരിച്ചു. നിലവിൽ 1,000 കോടിയോളം രൂപയാണു കമ്പനിയുടെ മൊത്തം വിറ്റുവരവ്.

ആഗോളതലത്തിൽ എൻജിനുകൾക്കായി ബി എം ഡബ്ല്യു ആശ്രയിക്കുന്ന ആദ്യ ശാലയാണു ഫോഴ്സ് മോട്ടോഴ്സിന്റേതെന്നു ഫിറോദിയ അവകാശപ്പെട്ടു. മറ്റൊരു നിർമാതാവും ബി എം ഡബ്ലുവിനായി ഈ ചുമതല ഏറ്റെടുത്തിട്ടില്ല. പോരെങ്കിൽ ബി എം ഡബ്ല്യുവിനു പുറമെ എതിരാളികളായ മെഴ്സീഡിസ് ബെൻസിനു വേണ്ടിയും എൻജിൻ നിർമിച്ചു നൽകുന്നു എന്ന പ്രത്യേകതയും ഫോഴ്സിനു മാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി എം ഡബ്ല്യുവിന്റെ മാർഗനിർദേശങ്ങൾ പാലിച്ചും അവരുടെ മേൽനോട്ടത്തിലുമാണ് ആഗോള നിലവാരം പുലർത്തുന്ന ശാല സ്ഥാപിച്ചതെന്നു ഫോഴ്സ് മോട്ടോഴ്സ് വിശദീകരിച്ചു. എൻജിനുകൾക്കു പുറമെ ഗീയർബോക്സ് പോലുള്ള അനുബന്ധഘടകങ്ങളും ശാലയിൽ നിർമിക്കാനാവും.

വാഹന നിർമാണത്തിനായി ഫോഴ്സ് മോട്ടോഴ്സിന്റെ രണ്ടു ശാലകളാണു പ്രവർത്തിക്കുന്നത്. ചെറു വാണിജ്യ വാഹനങ്ങളും ട്രാക്ടറുകളും പുണെയിൽ നിർമിക്കുന്ന കമ്പനിയുടെ എസ് യു വികളും എം യു വികളും മറ്റു വാണിജ്യ വാഹനങ്ങളും മധ്യപ്രദേശിലെ പീതംപൂർ ശാലയിൽ നിന്നാണു പുറത്തെത്തുന്നത്.

മഹീന്ദ്ര സിറ്റിയിലെ ശാലയിൽ പ്രതിവർഷം 14,000 കാറുകൾ നിർമിക്കാനുള്ള ശേഷിയാണു കമ്പനിക്കുള്ളതെന്നു ബി എം ഡബ്ല്യു ഇന്ത്യ മാനേജിങ് ഡയറക്ടർ(ചെന്നൈ പ്ലാന്റ്) റോബർട്ട് ഫ്രിറ്റ്രാങ് അറിയിച്ചു. 2007 മുതൽ നിരന്തരമായി വികസിപ്പിച്ചു വരുന്ന ശാലയിൽ നിലവിൽ ‘വൺ സീരീസ്’, ‘ത്രീ സീരീസ്’, ‘ഫൈവ് സീരീസ്’, ‘സെവൻ സീരീസ്’ കാറുകളും ‘എക്സ്’ ശ്രേണിയിലെ എസ് യു വികളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചെന്നൈയിൽ നിർമിക്കുന്ന വാഹനങ്ങളുടെ പകുതിയോളം ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചവയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.