ഫോഡ് ‘ആസ്പയർ’ ബുക്കിങ് ആരംഭിച്ചു

പുതിയ കോംപാക്ട് സലൂണായ ‘ആസ്പയറി’നുള്ള ബുക്കിങ്ങുകൾ യു എസ് നിർമാതാക്കളായ ഫോഡ് തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. 30,000 രൂപ അഡ്വാൻസ് ഈടാക്കിയാവും കമ്പനി കാറിന്റെ ബുക്കിങ് സ്വീകരിക്കുക.അടുത്ത ഒൻപതു മാസത്തിനിടെ കമ്പനി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന മൂന്നു മോഡലുകളിൽ ആദ്യത്തേതാണ് ‘ആസ്പയർ’; മിക്കവാറും അടുത്ത മാസം തന്നെ കാർ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

നിലവിൽ മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഹോണ്ടയും ടാറ്റ മോട്ടോഴ്സുമൊക്കെ ആധിപത്യം പുലർത്തുന്ന കോംപാക്ട് സെഡാൻ വിഭാഗത്തിലേക്കാണു ഫോഡ് ‘ആസ്പയറു’മായി മത്സരിക്കാൻ എത്തുന്നത്. പ്രതിമാസ 30,000 — 35,000 കാറുകളാണ് ഈ വിഭാഗത്തിലെ ശരാശരി വിൽപ്പന; 2014ൽ ഇന്ത്യയിൽ മൊത്തം വിറ്റഴിഞ്ഞ 11 ലക്ഷം കാറുകളിൽ 45 ശതമാനത്തോളം കോംപാക്ട് സെഡാനുകളായിരുന്നു.

ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാറാണ് ‘ആസ്പയർ’ എന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചകൾക്കു വഴങ്ങാതെ സാക്ഷാത്കരിച്ച കോംപാക്ട് സെഡാൻ ഇന്ത്യൻ ഉടമകളെ ആഹ്ലാദിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പെട്രോൾ, ഡീസൽ എൻജിനുകളോടെ കാർ വിൽപ്പനയ്ക്കെത്തും: 1.2 ലീറ്റർ ടി ഐ — വി സി ടി പെട്രോൾ, 1.5 ലീറ്റർ ടി ഐ — വി സി ടി പെട്രോൾ, 1.5 ലീറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവയാണ് എൻജിൻ സാധ്യതകൾ. ശേഷി കുറഞ്ഞ പെട്രോൾ എൻജിൻ പരമാവധി 88 പി എസ് കരുത്തും ശേഷിയേറിയ പെട്രോൾ എൻജിൻ 112 പി എസ് കരുത്തുമാണു സൃഷ്ടിക്കുക; ഡീസൽ എൻജിനിൽ നിന്നുള്ള പരമാവധി കരുത്താവട്ടെ 100 പി എസ് ആണ്. എൻജിനുകൾക്ക് ലീറ്ററിന് യഥാക്രമം 18.16 കിലോമീറ്റർ, 17 കിലോമീറ്റർ, 25.83 കിലോമീറ്റർ വീതമാണ് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

പെട്രോൾ എൻജിനിൽ 1.2 ലീറ്ററിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും 1.5 ലീറ്ററിനൊപ്പം ഇരട്ട ക്ലച്, ആറു സ്പീഡ് ‘പവർഷിഫ്റ്റ്’ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കാനും ഫോഡിനു പദ്ധതിയുണ്ട്.

ആംബിയന്റ്, ട്രെയൻഡ്, ടൈറ്റാനിയം എന്നീ വകഭേദങ്ങൾക്കു പുറമെ മുന്തിയ വേരിയന്റായ ടൈറ്റാനിയം പ്ലസ് ആയും ‘ആസ്പയർ’ വിപണിയിലുണ്ടാവും. റൂബി റെഡ്, സ്പാർക്ലിങ് ഗോൾഡ്, ഓക്സ്ഫഡ് വൈറ്റ്, ടക്സിഡൊ ബ്ലാക്ക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇൻഗൊട്ട് സിൽവർ, സ്മോക്ക് ഗ്രേ എന്നീ ഏഴു നിറങ്ങളിലാണ് ‘ആസ്പയർ’ എത്തുക.