‘ജി ടി’ നിർമാണം 2 വർഷം കൂടി തുടരാൻ ഫോഡ്

കാർബൺ ഫൈബറിൽ തീർത്ത സൂപ്പർകാറായ ‘ജി ടി’യുടെ നിർമാണം രണ്ടു വർഷത്തേക്കു കൂടി തുടരാൻ യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി തീരുമാനിച്ചു. കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരോട് അവരുടെ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാൻ ഫോഡ് അയച്ച കത്തിലാണു ‘ജി ടി’ രണ്ടു വർഷത്തേക്കു കൂടി നിർമാണത്തിൽ തുടരുമെന്ന സൂചനയുള്ളത്. ‘ഫോഡ് ജി ടി’യെ നാലു വർഷക്കാലം രാജ്യാന്തര മോട്ടോർ സ്പോർട് അസോസിയേഷൻ(ഐ എം എസ് എ), വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ്പു(ഡബ്ല്യു ഇ സി)കളിൽ പങ്കെടുപ്പിക്കാൻ ഫോഡ് പെർഫോമൻസ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ സാധൂകരിക്കുംവിധമാണു ‘ജി ടി’ ഉൽപ്പാദനം നീട്ടുമെന്ന ഫോഡിന്റെ പുതിയ പ്രഖ്യാപനം.

ആഗ്രഹിക്കുന്നവർക്കെല്ലാം കാർ ലഭിക്കുംവിധത്തിൽ ‘ജി ടി’ ഉൽപ്പാദനം വർധിപ്പിക്കാനാവില്ലെന്നു ഫോഡ് പെർഫോമൻസ് ഗ്ലോബൽ ഡയറക്ടർ ഡേവ് പെരികാക് വ്യക്തമാക്കി. എങ്കിലും ഫോഡ് പ്രേമികളായ കൂടുതൽ പേരെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ജി ടി’ ഉൽപ്പാദനത്തിൽ വർധന വരുത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്. ‘ജി ടി’യുടെ വേറിട്ട വ്യക്തിത്വം നിലനിർത്താൻ ഫോഡ് പ്രതിജ്ഞാബദ്ധമാണ്; ഒപ്പം ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കളുടെ പിന്തുണയും നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാം വർഷത്തെ ഉൽപ്പാദനം ഉപയോഗിച്ചു വെയ്റ്റ് ലിസ്റ്റിലുള്ളവർക്കു ‘ജി ടി’ ലഭ്യമാക്കാനാണു ഫോഡിന്റെ പദ്ധതി. അപേക്ഷ മാറ്റിവപ്പിച്ചവർക്കും ആദ്യഘട്ടത്തിൽ അപേക്ഷിക്കാതെ മാറിനിന്നവർക്കുമായിരിക്കും നാലാം വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകൾ ലഭിക്കുക. നാലാം വർഷം ഉൽപ്പാദിപ്പിക്കുന്ന കാറുകൾക്കുള്ള അപേക്ഷകൾ മിക്കവാറും 2018 ആദ്യമാവും സ്വീകരിക്കുക. നിലവിൽ അപേക്ഷിച്ചു കാത്തിരിക്കുന്നവർക്ക് അപേക്ഷകൾ അപ്ഡേറ്റ് ചെയ്തു ‘ജി ടി’ സ്വന്തമാക്കാനും അവസരമുണ്ടാവും.

‘ഫോഡ് ജി ടി’യുടെ രക്തത്തിൽ റേസിങ് കലർന്നിട്ടുണ്ടെന്നായിരുന്നു ഫോഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും(പ്രോഡക്ട് ഡവലപ്മെന്റ്) ചീഫ് ടെക്നിക്കൽ ഓഫിസറുമായ രാജ് നായരുടെ പ്രതികരണം. അടുത്ത നാലു വർഷക്കാലം റോഡ് കാറും റേസ് കാറും ഒരേപോലെ നിലനിൽക്കുമെന്നും അദ്ദേഹം കരുതുന്നു. ട്രാക്കിലും പുറത്തും അത്യാധുനിക സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും വിലയിരുത്താനുമുള്ള അപൂർവ അവസരമാണു ‘ജി ടി’യുടെ ഈ സഹവർത്തിത്തം ലഭ്യമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.