വെനസ്വേലയിലെ കാർ നിർമാണം ഫോഡ് തൽക്കാലം നിർത്തി

സാമ്പത്തിക മേഖലയിൽ ഗുരുതര പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലെ വാഹന നിർമാണം ഏപ്രിൽ വരെ നിർത്തിവയ്ക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി തീരുമാനിച്ചു. തകർച്ചയെ നേരിടുന്ന സമ്പദ്വ്യവസ്ഥയ്ക്കു കനത്ത തിരിച്ചടിയാണു കമ്പനിയുടെ തീരുമാനം. വിപണിയുടെ ആവശ്യത്തിനൊത്ത് ഉൽപ്പാദനം പുനഃക്രമീകരിക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നു ഫോഡ് സൗത്ത് അമേരിക്ക പ്രസിഡന്റ് ലൈൽ വാട്ടേഴ്സ് വെളിപ്പെടുത്തി. ശാലയുടെ പ്രവർത്തനം നിർത്തിയതോടെ രണ്ടായിരത്തോളം പേർക്കാണു തൊഴിൽ നഷ്ടമാവുകയെന്നും വാട്ടേഴ്സ് അറിയിച്ചു.

വെനസ്വേലയിലെ കണക്കുകൾ പ്രത്യേകം പരിഗണിക്കുന്നതിനാൽ ശാല അടച്ചിടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന കണക്കിനെ ബാധിക്കില്ല. ഇക്കൊല്ലം ആദ്യ പാദത്തിൽ വെനസ്വേലയെ ഫോഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറ്റിയതോടെയാണ് ഈ പരിഷ്കാരം പ്രാബല്യത്തിലെത്തിയത്. പരിമിത തോതിലാണെങ്കിലും വെനസ്വേലയിൽ വാഹന നിർമാണമേഖലയിലുള്ള ഏക കമ്പനിയാണു ഫോഡ്. സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട വെനസ്വേലയിലെ പ്രതിദന ഉൽപ്പാദനം എട്ടു കാറുകളായി ഇടിഞ്ഞതായി രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനയായ കാവെനെസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി — നവംബർ കാലത്തു വെനസ്വേലയിൽ ഉൽപ്പാദിപ്പിച്ച 2,768 കാറുകളിൽ ഫോഡിന്റെ വിഹിതം 2,253 യൂണിറ്റായിരുന്നു.

ഫോഡിന്റെ യു എസിലെ വമ്പൻ ശാലകളിൽ വെറും രണ്ടു ദിവസത്തിനകം കൈവരിക്കുന്ന ഉൽപ്പാദനമാണു വെനസ്വേല 11 മാസം കൊണ്ടു നിർമിച്ച 2,768 യൂണിറ്റ്. ഇതിനു മുമ്പ് 2014ലും ഫോഡ് വെനസ്വേലയിലെ വാഹന ഉൽപ്പാദനം താൽക്കാലികമായി നിർത്തിയിരുന്നു. വാഹന നിർമാണത്തിനുള്ള ഘടകങ്ങൾ ഇറക്കുമതി ചെയ്യാൻ ആവശ്യമായ വിദേശനാണയം ലഭ്യമല്ലാതെ വന്നതോടെ അന്ന് ഒരു മാസത്തോളമാണു ശാല അടഞ്ഞു കിടന്നത്. ഫോഡിന്റെ എതിരാളികളായ ജനറൽ മോട്ടോഴ്സാവട്ടെ കഴിഞ്ഞ വർഷം മധ്യത്തോടെ വെനസ്വേലയിലെ കാർ നിർമാണം പൂർണമായും നിർത്തി. വെനസ്വേലയിൽ ഒരു നിർമാണശാലയാണു കമ്പനിക്കുണ്ടായിരുന്നത്.