ഫോഡ് ഇന്ത്യ മേധാവി നീജൽ ഹാരിസിസ് ചൈനയിലേക്ക്

യു എസ് നിർമാതാക്കളായ ഫോഡിന്റെ ഉപസ്ഥാപനമായ ഫോഡ് ഇന്ത്യയുടെ തലപ്പത്ത് അഴിച്ചുപണി. ഫോഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായിരുന്ന നീജൽ ഹാരിസിനു കമ്പനിയുടെ ചൈനയിലെ സംയുക്ത സംരംഭമായ ചാങ്ങൻ ഫോഡ് ഓട്ടമോബീലിന്റെ പ്രസിഡന്റായിട്ടാണു പുതിയ നിയമനം. ജൂലൈ ഒന്നിനാണു നീജൽ ഹാരിസിന്റെ പുതിയ നിയമനം പ്രാബല്യത്തിലെത്തുക. ഗ്രൂപ് വൈസ് പ്രസിഡന്റും ഫോഡ് ഏഷ്യ പസഫിക് പ്രസിഡന്റുമായ ഡേവിഡ് ഷോക്കിനു കീഴിലാവും ഹാരിസ് പ്രവർത്തനം തുടരുക. അതേസമയം ഫോഡ് ഇന്ത്യയുടെ പുതിയ മേധാവിയെ കമ്പനി പിന്നീട് പ്രഖ്യാപിക്കും.

ചാങ്ങൻ ഫോഡ് പ്രസിഡന്റായിരുന്ന മരിൻ ബുരെല ഒക്ടോബർ ഒന്നിനു വിരമിക്കുന്ന ഒഴിവിലാണു നീജൽ ഹാരിസിന്റെ നിയമനം. വിരമിച്ച ശേഷവും ബുരെല ഏഷ്യ പസഫിക് മേഖലയിൽ ഫോഡിന്റെ പ്രത്യേക ഉപദേഷ്ടാവായി തുടരും. ഫോഡിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഏറെ നാളായി ശക്മതായ സാന്നിധ്യമുള്ള നീജൽ ഹാരിസ് 2014 ഫെബ്രുവരി ഒന്നിനാണു ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്. ഫോഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച വേളയിൽ ഗ്ലോബൽ ബി കാഴ്സ് ബ്രാൻഡ് ഡവലപ്മെന്റ് മാനേജരായും ഹാരിസ് രംഗത്തുണ്ടായിരുന്നു.

ഇന്ത്യയിൽ ഫോഡ് നടപ്പാക്കിയ വികസന പദ്ധതികൾക്കു നേതൃത്വം വഹിച്ചതും അദ്ദേഹമാണ്. ചെന്നൈ മാരൈമലൈ നഗറിലെ നിർമാണശാലയ്ക്കു പുറമെ ഗുജറാത്തിലെ സാനന്ദിൽ ഈയിടെ പ്രവർത്തനം തുടങ്ങിയ കാർ നിർമാണശാലയുടെ നേതൃത്വവും ഹാരിസിനായിരുന്നു. ഫോഡ് ചൈനയുടെ വൈസ് പ്രസിഡന്റും ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജോൺ ലോളറെ ഫോഡ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റും കൺട്രോളറുമായി നിയമിച്ചിട്ടുണ്ട്. നിലവിൽ ഈസ്ഥാനം വഹിക്കുന്ന സ്റ്റുവർട്ട് റൗളി വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി) ആയി നിയോഗിതനായി.