ഫോഡ് വാഹനങ്ങളുടെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കും

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡ് തങ്ങളുടെ ഹാച്ച്ബാക്കായ ഫിഗോയുടേയും ആസ്‌പെയറിന്റെയും 42,300 യൂണിറ്റുകള്‍ തിരിച്ചു വിളിക്കുന്നു. റീസ്‌ട്രെയിന്റ് കണ്‍ട്രോള്‍ മൊഡ്യൂളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഗോ, ആസ്‌പെയര്‍ എന്നീ മോഡലുകളുടെ വില്‍പ്പന കമ്പനി നേരത്തെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. തിരിച്ചു വിളിക്കുന്ന വാഹനങ്ങളിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുന്നതിനോടൊപ്പം ഈ വാഹനങ്ങളുടെ വിതരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2016 ഏപ്രില്‍ 12 വരെ ഗുജറാത്തിലെ സാനന്ദ് നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങിയ ഫിഗോ ഹാച്ച്ബാക്ക്, ആസ്‌പെയര്‍ എന്നീ മോഡലുകളാണ് തിരിച്ചു വിളിച്ചു പരിശോധിക്കുന്നതെന്നും, 2016 ഏപ്രില്‍ 20 വരെ വിതരണം ചെയ്ത വാഹനങ്ങള്‍ തിരിച്ചു വിളിക്കുമെന്നും കമ്പനി അറിയിച്ചു.

അപകടമുണ്ടാകുന്ന സമയങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുന്നതിനായാണ് റീസ്‌ട്രെയിന്റ് കണ്‍ട്രോള്‍ മൊഡ്യൂള്‍ ഉപയോഗിക്കുന്നത്. റീസ്‌ട്രെയിന്റ് കണ്‍ട്രോള്‍ മൊഡ്യൂളിലുണ്ടാകുന്ന തകരാറുകള്‍ എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് വാഹനത്തിന്റെ സുരക്ഷ കുറയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്് തകരാര്‍ പരിഹരിക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.