യു എസിൽ 8.30 ലക്ഷം വാഹനം തിരിച്ചുവിളിക്കാൻ ഫോഡ്

ഓട്ടത്തിനിടെ വാതിൽ തുറന്നു പോകാനുള്ള സാധ്യത മുൻനിർത്തി യു എസിലും മെക്സിക്കോയിലുമായി 8.30 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി തീരുമാനിച്ചു. കൊളുത്ത് ഇളകി വാഹനം ഓടുന്നതിനിടെ വാതിൽ തുറന്ന് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു കമ്പനിയുടെ കണ്ടെത്തൽ.

യു എസിൽ വിറ്റ 2013 — 2015 മോഡൽ ‘എസ്കേപ്’ എസ് യു വി, ‘സി — മാക്സ്’ കാർ, 2012 — 2015 ‘ഫോക്കസ്’ കാറുകളാണു കമ്പനി തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. 2014 — 2016 മോഡൽ ‘ടാൻസിറ്റ് കണക്ട്’ വാൻ, ‘മസ്താങ്’ സ്പോർട്സ് കാർ, 2015 മോഡൽ ‘ലിങ്കൺ എം കെ സി’ എസ് യു വി തുടങ്ങിയവയ്ക്കും പരിശോധന ആവശ്യമാണ്.അകത്തുള്ള ടാബ് ശരിയായി പ്രവർത്തിക്കാതെ കൊളുത്ത് മുറുകാതെ പോകുന്നതു മൂലമാണു വാതിൽ തുറക്കാനിടയാവുന്നതെന്നു ഫോഡ് വിശദീകരിക്കുന്നു.

താരതമ്യേന താപനില കൂടി പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വാതിൽ തകരാറിലാവാനുള്ള സാധ്യതയെന്നും കമ്പനി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യു എസിന്റെ ദക്ഷിണ, പശ്ചിമ മേഖലകളിലുള്ള 16 സംസ്ഥാനങ്ങളിലാണു കമ്പനി ആദ്യം തന്നെ പരിശോധന നടപ്പാക്കുക.
തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ വാതിലിന്റെ കൊളുത്ത് ഡീലർമാർ സൗജന്യമായി മാറ്റിനൽകുമെന്നാണു ഫോഡിന്റെ വാഗ്ദാനം. മറ്റു സ്ഥലങ്ങളിലെ വാഹനങ്ങൾ പരിശോധിച്ചു കൊളുത്തിനു തകരാറുണ്ടെന്നു കണ്ടെത്തിയാലാവും മാറ്റി നൽകുക.