5.91 ലക്ഷം വാഹനങ്ങൾ കൂടി തിരിച്ചുവിളിക്കാനൊരുങ്ങി ഫോഡ്

സ്റ്റീയറിങ് ബോൾട്ട് പൊട്ടാനുള്ള സാധ്യതയടക്കം നാലു വ്യത്യസ്ത നിർമാണ തകരാറുകളുടെ പേരിൽ നോർത്ത് അമേരിക്കയിൽ വിറ്റ 5.91 ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിച്ചു പരിശോധിക്കാൻ ഫോഡ് മോട്ടോർ കമ്പനി തീരുമാനിച്ചു. സ്റ്റീയറിങ് ഗീയർ മോട്ടോർ അറ്റാച്ച്മെന്റ് ബോൾട്ടുകൾ തുരുമ്പെടുത്തു നശിക്കാനുള്ള സാധ്യത മുൻനിർത്തി 5,18,313 കാറുകളാണു യു എസിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഫോഡ് തിരിച്ചു വിളിക്കുക. 2013 — 2015 മോഡൽ ഫോഡ് ‘ഫ്യൂഷൻ’, ‘ലിങ്കൻ എം കെ സെഡ്’ സെഡാനുകളും 2015 മോഡൽ ഫോഡ് ‘എഡ്ജ്’ ക്രോസ് ഓവറുമാണ് ഈ പ്രശ്നത്തിന്റെ പേരിൽ തിരിച്ചു വിളിക്കുന്നത്.

ബോൾട്ട് തുരുമ്പെടുത്താൽ സ്റ്റീയറിങ് സ്വയം മാനുവൽ രീതിയിലേക്കു മടങ്ങുമെന്നതാണു പ്രശ്നം; ഇതോടെ കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുക ആയാസകരമാവുമെന്നു ഫോഡ് വിശദീകരിക്കുന്നു. ഇതു മൂലം സ്റ്റീയറിങ്ങിന്റെ നിയന്ത്രണം പൂർണമായും നഷ്ടമാവില്ലെങ്കിലും അപകടസാധ്യത തള്ളിക്കളയാനാവില്ലെന്നാണു ഫോഡിന്റെ നിഗമനം.

ബോൾട്ട് തുരുമ്പെടുത്തതു മൂലം അപകടങ്ങൾ സംഭവിച്ചതായോ ആർക്കെങ്കിലും പരുക്കേറ്റതായോ വിവരമില്ലെന്നും ഫോഡ് വ്യക്തമാക്കുന്നു. പരിശോധന ആവശ്യമുള്ള വാഹനങ്ങളിൽ 4,87,301 എണ്ണം യു എസിലാണ്; 31,012 വാഹനങ്ങൾ കാനഡയിലും. തകരാറുള്ള ബോൾട്ടുകൾ ഡീലർമാർ സൗജന്യമായി മാറ്റി നൽകുമെന്നാണു ഫോഡിന്റെ വാഗ്ദാനം. കൂടാതെ സ്റ്റീയറിങ് ഗീയറിനു തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും സൗജന്യമായി മാറ്റി നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. നോൺ കൊറോഷൻ സംസ്ഥാനങ്ങളിലും പ്രവിശ്യകളിലുമുള്ള ഉപയോക്താക്കൾക്ക് എക്സ്റ്റൻഡഡ് വാറന്റിയും ഫോഡ് അനുവദിക്കുന്നുണ്ട്.

ഇന്ധന പൈപ്പ് ചുരുങ്ങാൻ ഇടയാക്കുന്ന നിക്കൽ പ്ലേറ്റിങ് പ്രശ്നത്തെ തുടർന്ന് 50,157 കാറുകൾ കൂടി തിരിച്ചുവിളിക്കാനും ഫോഡ് തീരുമാനിച്ചിട്ടുണ്ട്. 2014 മോഡൽ ‘ഫോക്കസ്, ‘എഡ്ജ് എസ്കേപ്’, ‘ട്രാൻസിറ്റ് കണക്ട്’ വാഹനങ്ങൾക്കും 2014 — 15 ‘ഫിയസ്റ്റ’യ്ക്കുമാണ് ഈ പരിശോധന ആവശ്യമായി വരിക. പൈപ്പ് ചുരുങ്ങിയാൽ വാഹനം സ്റ്റാർട്ടാവില്ല; ഓട്ടത്തിനിടെ ഈ പ്രശ്നം സംഭവിച്ചാൽ വാഹനം നിന്നു പോകാനുമിടയുണ്ടെന്നു ഫോഡ് വിശദീകരിക്കുന്നു. ഈ തകരാറിന്റെ പേരിൽ ഒരു അപകടം സംഭവിച്ചതായും ഫോഡിനു വിവരമുണ്ട്.

ഈ പ്രശ്നം കണ്ടെത്തിയ വാഹനങ്ങളിൽ 45,505 എണ്ണം യു എസിലും 4,618 എണ്ണം കാനഡയിലും 34 എണ്ണം മെക്സിക്കോയിലുമാണ്. തകരാറുള്ള വാഹനങ്ങളുടെ ഫ്യുവൽ ഡെലിവറി മൊഡ്യൂൾ ഫോഡ് ഡീലർമാർ സൗജന്യമായി മാറ്റി നൽകും.

ഇതിനു പുറമെ അഗ്നിബാധയ്ക്കുള്ള സാധ്യത മുൻനിർത്തി 2015 മോഡലിൽപെട്ട 91 ഫോഡ് ‘എഫ് 150’ പിക് അപ് ട്രക്കുകളും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. വാഹനത്തിന്റെ അടി ഭാഗത്തെ ഹീറ്റ് ഷീൽഡുമായി ബന്ധപ്പെട്ട തകരാറുകളാണ് അഗ്നിബാധയ്ക്കുള്ള സാധ്യത സൃഷ്ടിക്കുന്നത്. പരിശോധന ആവശ്യമുള്ള വാഹനങ്ങളിൽ 73 എണ്ണം യു എസിലും 18 എണ്ണം കാനഡയിലും വിറ്റവയാണ്. ഈ തകരാർ മൂലം അപകടം സംഭവിച്ചതായി വിവരമില്ലെന്നാണു ഫോഡിന്റെ നിലപാട്. തകരാർ കണ്ടെത്തുന്ന വാഹനങ്ങളിൽ നഷ്ടമായ ഭാഗങ്ങൾ സൗജന്യമായി ഘടിപ്പിച്ചു നൽകുമെന്നാണു ഫോഡിന്റെ വാഗ്ദാനം.

ഓട്ടത്തിനിടെ വാതിൽ തുറന്നു പോകാനുള്ള സാധ്യത പരിഗണിച്ചു കഴിഞ്ഞ ദിവസമാണു ഫോഡ് 3.90 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘ഫിയസ്റ്റ’, ‘ഫ്യൂഷൻ’, ‘ലിങ്കൺ എം കെ സെഡ്’ തുടങ്ങി 2012 — 2014 കാലത്തു നിർമിച്ച നാലു ലക്ഷത്തോളം കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക.

ഡോർ ലാച് സ്പ്രിങ് അസംബ്ലിയിലെ ഭാഗം അടർന്ന് ലാച്ചിന്റെ പ്രവർത്തനം തകരാറിലാവുന്നതാണു പ്രശ്നമെന്നു ഫോഡ് കണ്ടെത്തിയിരുന്നു. ഇതോടെ ഓട്ടത്തിനിടയിൽ വാതിൽ തുറന്ന് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. തകരാറിലായ വാതിൽ വന്നിടിച്ച് രണ്ടു പേരുടെ തോളിനു പരുക്കേറ്റതായി ഫോഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റൊരു അപകടത്തിൽ തുറന്നു പോയ വാതിൽ പാർക്കിങ്ങിൽ കിടന്ന കാറിലും ഇടിച്ചിരുന്നു.

തകരാർ സംശയിക്കുന്ന കാറുകളുടെ നാലു വാതിലും ഡീലർഷിപ്പുകളിൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകുമെന്നായിരുന്നു ഫോഡിന്റെ വാഗ്ദാനം.