ഫോഡിന്റെ റൈഡ് ഷെയറിങ്ങും സ്വയം ഓടുന്ന കാറും 2021ൽ

വാണിജ്യാടിസ്ഥാനത്തിൽ റൈഡ് ഷെയറിങ് സാധ്യമാക്കുന്ന, സ്വയം ഓടുന്ന വാഹനം 2021ൽ നിരത്തിലെത്തിക്കുമെന്നു യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി. സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയിലും റൈഡ് ഷെയറിങ് മേഖലയിലും എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം പിന്തള്ളപ്പെട്ടു പോയ ഫോഡ് ഇരുരംഗങ്ങളിലും തകർപ്പൻ മുന്നേറ്റമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വയം ഓടുന്ന കാർ വികസനത്തിലെ സമയനഷ്ടം വീണ്ടെടുക്കാൻ സിലിക്കൻ വാലിയിലെ സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിക്ഷേപം വർധിപ്പിക്കുമെന്നു ഫോഡ് ചീഫ് എക്സിക്യൂട്ടീവ് മാർക് ഫീൽഡ്സ് വ്യക്തമാക്കി. സെമി ഓട്ടണോമസ് സംവിധാനങ്ങളിലെ നിക്ഷേപം മൂന്നിരട്ടിയോളമായി ഉയർത്തും. സിലിക്കൻ വാലിയിലെ ക്യാംപസ് വികസിപ്പിക്കാനും പാളൊ ഓൾട്ടോയിലെ ഗവേഷണ സംഘം വിപുലകരിച്ചുമൊക്കെ നഷ്ടം നികത്താനാണു ഫോഡിന്റെ പദ്ധതി.

ഈ മത്സരത്തിൽ ഒന്നാമനാവാനല്ല ഫോഡ് ശ്രമിക്കുന്നതെന്നു പാളൊ ഓൾട്ടോ ഗവേഷണ, വികസന ലബോറട്ടറി സന്ദർശിച്ച ഫീർഡ്സ് നയം വ്യക്തമാക്കി. എതിരാളികളായ ജനറൽ മോട്ടോഴ്സ് കഴിഞ്ഞ ജനുവരിയിൽ ലിഫ്റ്റിൽ 50 കോടി ഡോളർ(ഏകദേശം 3347.75 കോടി രൂപ) നിക്ഷേപിച്ചതിൽ ആശങ്കയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റൈഡ് ഷെയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഊബറുമായാണോ ലിഫ്റ്റുമായാണോ അതോ മറ്റു വല്ല കമ്പനിയുമായാണോ ഫോഡ് സഹകരിക്കുകയെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്നും ഫീൽഡ്സ് സ്ഥിരീകരിച്ചു. ഫോഡിനെ സംബന്ധിച്ചിടത്തോളം സഹകരണത്തിനുള്ള എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണ്. പങ്കാളിയെ തേടാതെ, സ്വന്തം നിലയിൽ റൈഡ് ഷെയറിങ് സേവനം ലഭ്യമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നു ഫീൽഡ്സ് അഭിപ്രായപ്പെട്ടു.

അതേസമയം, ഈ മേഖലയിൽ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച പല കാര്യങ്ങളെക്കുറിച്ചും ഫോഡ് മൗനം തുടരുകയാണ്. എങ്കിലും കമ്പനി ഈ മേഖലകളിലും പ്രവേശിക്കുമെന്ന വ്യക്തമായ സൂചന തന്നെ സുപ്രധാനമാണെന്നു ഫോഡ് വൈസ് പ്രസിഡന്റ് (റിസർച്) കെൻ വാഷിങ്ടൺ കരുതുന്നു. വിജയം കാംക്ഷിക്കുന്ന പങ്കാളിയാണു ഫോഡ് എന്നാണു കമ്പനിയുടെ പുതിയ സന്ദേശം; ഇതു വീൺവാക്കല്ലെന്നും ദിശാബോധമുള്ള നിലപാടാണെന്നും വാഷിങ്ടൺ വിശദീകരിക്കുന്നു. അതേസമയം, സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത, സ്വയം ഓടുന്ന കാറുകൾ 2025 വരെയങ്കിലും കമ്പനി നിർമിക്കില്ലെന്നാണു ഫോഡ് ചീഫ് ടെക്നിക്കൽ ഓഫിസർ രാജ് നായരുടെ നിലപാട്. റൈഡ് ഷെയറിങ് എന്ന ലക്ഷ്യത്തോടെ സ്വയം ഓടുന്ന കാർ വികസിപ്പിച്ച ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിർമിക്കുന്നതാവും ചെലവ് കുറയ്ക്കാൻ ഉത്തമമെന്നും അദ്ദേഹം കരുതുന്നു.