ഫോഡ് ഇക്കോസ്പോർട്ടിന് പുതിയ രൂപം

Ecosport North American Model

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ ചെറു എസ് യു വി ഇക്കോസ്പോർട്ടിന്റെ പുതിയ രൂപം കമ്പനി പ്രദർശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന ഓട്ടോഷോയിലാണ് ഇക്കോസ്പോർട്ടിന്റെ പുതിയ രൂപം കമ്പനി അവതരിപ്പിച്ചത്. അടിമുടി മാറ്റങ്ങളുമായാണ് പുതിയ ഇക്കോസ്പോർട്ട് എത്തിയിരിക്കുന്നത്. പുതിയ ഗ്രിൽ, ഡേറ്റം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ അലോയ് വീൽ ഡിസൈൻ മാറ്റിനിർത്തിയാൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇക്കോസ്പോർട്ടിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് നോർത്ത് അമേരിക്കൻ മോഡലാണ് ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

Ecosport North American Model

പിന്നിലെ സ്പെയർ വീലുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ മോഡലിൽ ഇത് നിലനിർത്താനാണ് സാധ്യത. കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത ടെയിൽ ലാമ്പാണ്. ഉൾഭാഗത്തിനാണ് ഏറ്റവും അധികം മാറ്റങ്ങൾ വന്നിരിക്കുന്നത്. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റ് തന്നെയാണ് ഇന്റീരിയറിനെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പുതുമ തോന്നിക്കുന്ന ധാരാളം ഫീച്ചറുകളുണ്ട് വാഹനത്തിന്.

Ecosport North American Model

‌ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, പുതിയ എസി വെൻറുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവ വാഹനത്തിന്റെ ഇന്റീരിയൽ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. 2013 ൽ വിപണിയിലെത്തിയ വാഹനത്തിന് തുടക്കത്തിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിറ്റാര ബ്രെസ, ടിയുവി 300 എന്നീ വാഹനങ്ങളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുക. അടുത്ത വർഷം ആദ്യം പുതിയ ഇക്കോസ്പോർട്ട് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.