ഇന്ത്യൻ നിർമിത ‘ഇകോസ്പോർട്’ യു എസിലേക്ക്

Ecosport 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്കു പിന്തുണയുമായി യു എസ് വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി രംഗത്ത്. ചെന്നൈയിലെ മാരൈമലൈനഗർ ശാലയിൽ നിർമിച്ച കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്’ സ്വന്തം നാടായ യു എസിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ഫോഡ് ഒരുങ്ങുന്നത്. ഫോഡിനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ജനപ്രീതിയാർജിച്ച സബ് കോംപാക്ട് എസ് യു വിയാണ് ‘ഇകോസ്പോർട്’. ഈ എസ് യു വിയുടെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ കമ്പനി അനാവരണം ചെയ്തിരുന്നു.

ഇന്ത്യയിൽ നിർമിച്ച ‘ഇകോസ്പോർട്’ യു എസിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കാനുള്ള ഫോഡിന്റെ പദ്ധതി യു എസ് എ ടുഡേയാണു പ്രഖ്യാപിച്ചത്. 2018ൽ ചെന്നൈയിൽ നിർമിച്ച ‘ഇകോസ്പോർട്’ യു എസിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ആഗോളതലത്തിൽ ആറു കേന്ദ്രങ്ങളിലാണു ഫോഡ് ‘ഇകോസ്പോർട്’ നിർമിക്കുന്നതെന്നു കമ്പനി മാർക്കറ്റിങ് മാനേജർ (എസ് യു വി) മൈക്കൽ ഒബ്രയൻ അറിയിച്ചു. നിലവിൽ നൂറോളം വിപണികളിലാണ് ‘ഇകോസ്പോർട്’ വിൽപ്പനയ്ക്കുള്ളത്. യു എസിൽ നിർമിച്ച ‘എക്സ്പ്ലോറർ’ ലോകവ്യാപകമായി വിൽപ്പനയ്ക്കെത്തുന്നതു പോലെ ഏഷ്യ പസഫിക്കിൽ നിന്നുള്ള ‘ഇകോസ്പോർട്’ യു എസിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കാനാണു കമ്പനി ആലോചിക്കുന്നതെന്നും ഒബ്രയൻ വിശദീകരിച്ചു.

ചെറുകാറുകളുടെ ഉൽപ്പാദനം യു എസിൽ നിന്നു മെക്സിക്കോയിലേക്കു മാറ്റാനുള്ള ഫോഡിന്റെ തീരുമാനത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ട്രംപിന്റെ ആരോപണങ്ങൾക്കിടയിലും ഇന്ത്യയിൽ നിർമിച്ച ‘ഇകോസ്പോർട്’ യു എസിൽ വിൽക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനാണു ഫോഡിന്റെ നീക്കം. ഇന്ത്യയിൽ 2013 മുതൽ ഫോഡ് ‘ഇകോസ്പോർട്’ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രസീൽ, തായ്ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ഫോഡ് ‘ഇകോസ്പേർട്’ അസംബ്ൾ ചെയ്തു വിൽക്കുന്നുണ്ട്.